വിശുദ്ധ ഗ്രന്ഥത്തെ പടച്ചട്ടയാക്കാനുള്ള ശ്രമം സർക്കാർ ഉപേക്ഷിക്കണം ; വിശ്വാസികളുടെ മനസ് വ്രണപ്പെടുത്തിയതിന് മാപ്പ് പറയണം : പി.കെ കുഞ്ഞാലിക്കുട്ടി | Video

Jaihind News Bureau
Sunday, September 20, 2020

തിരുവനന്തപുരം : സർക്കാരിന്‍റേത് മതവികാരത്തെ വ്രണപ്പെടുത്തുന്ന ഹീനമായ സമീപനമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വിശ്വാസികളുടെ മനസ് വ്രണപ്പെടുത്തിയതിന് ഇടതുപക്ഷം മാപ്പ് പറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ ഖുർ ആനെ പടച്ചട്ടയാക്കുന്ന ശ്രമം സർക്കാർ ഉപേക്ഷിക്കണം. മറുപടി പറയുന്നതിന് പകരം മതപരമായി അഴിമതികളെ മറയ്ക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നുവെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തമായ മറുപടി പറയണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നയതന്ത്ര ചാനലിലൂടെയുള്ള സ്വർണ്ണക്കടത്തിൽ സർക്കാരിനുള്ള പങ്ക് എന്തെന്നാണ് അറിയേണ്ടത്. സ്വർണ്ണക്കടത്തിലെ പ്രതികളുമായി സർക്കാരിലെ ഉന്നതർക്കുള്ള ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളുമാണ് പുറത്തുവരുന്നത്. അഴിമതി മൂടിവെക്കാനായി വിശുദ്ധ ഗ്രന്ഥത്തെ പടച്ചട്ടയാക്കുന്ന ഇടതുപക്ഷത്തിന്‍റെ നീക്കം കേരളത്തിലെ ജനങ്ങൾക്ക് മനസിലായി. ഇത് തിരിച്ചരിഞ്ഞ ഇടതുപക്ഷം ഇപ്പോള്‍ ജാള്യതയിലാണ്. വിലപ്പോവില്ലെന്ന് മനസിലായതോടെ വിശുദ്ധ ഗ്രന്ഥത്തെ മറയാക്കാനുള്ള നീക്കം അവർ നിർത്തുകയാണെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. വിശ്വാസികളുടെ മനസ് വ്രണപ്പെടുത്തിയതിന് ഇടതുപക്ഷം മാപ്പ് ചോദിക്കണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

https://www.facebook.com/JaihindNewsChannel/videos/248693743111533