കവളപ്പാറ വിഷയത്തില്‍ പ്രതിപക്ഷ ഇടപെടല്‍ ഫലം കണ്ടു : സർക്കാരിന്‍റെ ഗുരുതരമായ അനാസ്ഥ സഭയിൽ ഉന്നയിച്ചതോടെ 26 കുടുംബങ്ങള്‍ക്ക് സഹായമെത്തുന്നു

Jaihind Webdesk
Wednesday, August 25, 2021

തിരുവനന്തപുരം : കവളപ്പാറ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സർക്കാർ അവഗണിക്കുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ വിമർശനം ഫലം കണ്ടു. 26 കുടുംബങ്ങൾക്ക് വസ്തു വാങ്ങി വീട് വയ്ക്കുന്നതിന് ധനസഹായമായി 2.60 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. കഴിഞ്ഞ ഓഗസ്റ്റ് 9 ന് പ്രതിപക്ഷം ഈ വിഷയം നിയമസഭയിൽ ഉന്നയിക്കുകയായിരുന്നു. ദുരിതത്തില്‍ വീട് നഷ്ടപ്പെട്ട കുടുബങ്ങള്‍ക്ക് കൃത്യമായി വാടക തുക നല്‍കാനോ അവരുടെ കൃഷി ഭൂമിയെ വന്ന് മൂടിയെ മണ്ണ് നീക്കം ചെയ്യാനോ രണ്ട് വർഷം ആയിട്ടും സർക്കാരിന് കഴിഞ്ഞിട്ടില്ല എന്ന് പ്രതിപക്ഷ നേതാവ് സഭയില്‍ വിമർശിച്ചു.  മണ്ണ് നീക്കം ചെയ്യാത്ത വ്സതുവിന്‍മേല്‍ ദുരിതബാധിതർക്ക് വീട് വയ്ക്കാന്‍ കഴിയില്ലെന്ന് വിഡി സതീശന്‍ സഭയില്‍ ചൂണ്ടിക്കാട്ടി.

വിഷയം അവതരിപ്പിച്ച ടി സിദ്ധിക്കും  പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇക്കാര്യത്തിൽ സർക്കാരിന്‍റെ കെടുകാര്യസ്ഥതയെ രൂക്ഷമായി വിമർശിച്ചു. 2019 ഓഗസ്റ്റ് 8നായിരുന്നു കവളപ്പാറയിലെ ഉരുൾപൊട്ടൽ ദുരന്തം. 59 പേർ മരണപ്പെടുകയും 44 വീടുകൾ ഒലിച്ചു പോകുകയും ചെയ്തു. എന്നാൽ ഈ പാവങ്ങളുടെ പുനരധിവാസത്തിന് സർക്കാർ ഒന്നും ചെയ്തില്ല എന്നതുയർത്തിയാണ് നിയമസഭയില്‍ പ്രതിപക്ഷം വിഷയം ഉന്നയിച്ചത്.

കഴിഞ്ഞ ദിവസം  ( ദുരന്തമുണ്ടായി രണ്ടു വർഷം കഴിഞ്ഞപ്പോൾ) 26 കുടുംബങ്ങൾക്ക് വസ്തു വാങ്ങി വീട് വയ്ക്കുന്നതിന് ധനസഹായമായി 2.60 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. സർക്കാരിന്‍റെ  ഗുരുതരമായ അനാസ്ഥ സഭയിൽ കൊണ്ടുവന്ന് പാവപ്പെട്ട ദുരിത ബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിഞ്ഞതിൽ അഭിമാനവും ചാരിതാർത്ഥ്യവുമുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞു.