ട്രാഫിക് നിയന്ത്രണം സ്വകാര്യവത്ക്കരിക്കാന്‍ സർക്കാർ നീക്കം : രമേശ് ചെന്നിത്തല | Video

Jaihind News Bureau
Tuesday, February 18, 2020

തിരുവനന്തപുരം : ട്രാഫിക് നിയന്ത്രണം സ്വകാര്യവത്ക്കരിക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുകയും പിഴ ചുമത്തുകയും ചെയ്യുന്ന ജോലി സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കാനാണ് സർക്കാർ നീക്കം. 180 കോടിയുടെ ഇന്‍റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് പദ്ധതിയിലൂടെയാണ് ഈ അഴിമതിക്ക് സർക്കാർ വഴിയൊരുക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തുമ്പോള്‍ അതില്‍ 90 ശതമാനവും പ്രസ്തുത സ്വകാര്യ കമ്പനിക്ക് സർവീസ് ചാർജായും മെയിന്‍റനന്‍സ് ചാർജായും നല്‍കാനാണ് നീക്കം.  പത്ത് ശതമാനം മാത്രമാണ സർക്കാരിന് ലഭിക്കുക. ഈ പദ്ധതിയില്‍ ടെന്‍ഡര്‍ സമർപ്പിച്ച സിഡ്കോയെ ഒഴിവാക്കി കെല്‍ട്രോണിനെ മുന്‍നിർത്തി മീഡിയാട്രോണിക്സ് എന്ന സ്വകാര്യ കമ്പനിക്ക് കരാർ നല്‍കാനാണ് തീരുമാനമായത്. മീഡിയാട്രോണിക്സ് എന്ന സ്വാകാര്യ കമ്പനിക്ക് പിന്നില്‍ ഗ്യാലക്സോണ്‍ ആണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

സിംസ് പദ്ധതി ഗ്യാലക്സോണ്‍ എന്ന സ്വകാര്യ കമ്പനിക്ക് നല്‍കിയത് യാതൊരു മാനദണ്ഢങ്ങളും പാലിക്കാതെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെല്‍ട്രോണ്‍ പുറത്തിറക്കിയ ദര്‍ഘാസ് മാനദണ്ഡങ്ങളില്‍ സംസ്ഥാന-കേന്ദ്ര സർക്കാരുകള്‍‍ കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനികള്‍ക്ക് അയോഗ്യതയുണ്ട്. മൂന്ന് വർഷം ഇന്ത്യയിലോ വിദേശത്തോ പ്രവൃത്തിപരിചയം വേണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്. എന്നാല്‍ ഗ്യാലക്സോണ്‍ കമ്പനിയുടെ മൂന്നില്‍ രണ്ട് ഡയറക്ടർമാരും കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അയോഗ്യരാക്കിയവരാണ്. വിദേശരാജ്യങ്ങളില്‍ ഗ്യാലക്സോണിനുണ്ടെന്ന് പറയുന്ന പ്രവൃത്തിപരിചയം വ്യാജമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അതേസമയം അഴിമതി ആരോപണങ്ങള്‍ വസ്തുനിഷ്ഠമായാണ് പി.ടി തോമസ് എം.എല്‍.എ നടത്തിയതെന്നും സ്പീക്കറുടെ പരാമർശം അനുചിതമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.