യു.ജി.സി ചട്ടങ്ങൾ മറികടന്ന് പ്രിൻസിപ്പൽ നിയമനം നടത്താൻ സർക്കാർ നീക്കം; യോഗ്യരായവരെ തഴഞ്ഞുള്ള കരാർ നിയമനം പാർട്ടി അനുഭാവികൾക്കു വേണ്ടി

Jaihind News Bureau
Monday, August 17, 2020

 

തിരുവനന്തപുരം: യു.ജി.സി ചട്ടങ്ങൾ മറികടന്ന് സംസ്ഥാനത്ത് പ്രിൻസിപ്പൽ നിയമനം നടത്താൻ ഇടത് സർക്കാർ നീക്കം. യോഗ്യരായ 35 ഓളം പേരെ തഴഞ്ഞാണ് പാർട്ടി അനുഭാവികൾക്കായി ഉന്നത വിദ്യാഭ്യാസ വകുപ്പ് കരാർ നിയമനം നടത്തുന്നത്. 2018 – ലെ യുജിസി റഗുലേഷൻസ് ആക്റ്റും സുപ്രീം കോടതി വിധിയും മറികടന്നാണ് നടപടി.

കഴിഞ്ഞ രണ്ട് വർഷമായി കേരളത്തിലെ സർക്കാർ ആർട്സ് & സയൻസ് കോളേജുകളിൽ പ്രിൻസിപ്പൽ നിയമനം നടന്നിട്ടില്ല. മുൻ സർക്കാരിന്‍റെ കാലത്ത് ധാരാളം പുതിയ സർക്കാർ ആർട്സ് & സയൻസ് കോളേജുകൾ നിലവിൽ വന്നതാണ്. പ്രഗത്ഭരായ ഒട്ടേറെ പേർക്ക് പ്രിൻസിപ്പല്‍മാരാകാനുള്ള അവസരവും കൈവന്നു. എന്നാൽ 90 ശതമാനം കോളേജുകളിലും ഇപ്പോൾ പ്രിൻസിപ്പൽമാരില്ല എന്നതാണ് വാസ്തവം. എല്ലാം കോളേജുകളിലും ചാർജ് ഭരണത്തിലാണ്. അത്തരം ചാർജ് പ്രിൻസിപ്പൽമാരെ, ക്ലാസെടുക്കുന്നതില്‍ നിന്നും മാറ്റി നിർത്തിയിട്ടുമില്ല. അതിനാല്‍ 16 മണിക്കൂർ പഠിപ്പിക്കുന്നതും കോളേജ് ഭരണവും ഒന്നിച്ചു കൊണ്ടു പോവുക എന്ന അമിത ജോലിയാണ് ചാർജ് പ്രിൻസിപ്പൽമാർ ചെയ്യുന്നത്. പലരും വലിയ മാനസിക സംഘർഷത്തിലുമാണ്.

പലയിടങ്ങളിലും വളരെ ജൂനിയർ അധ്യാപകരാണ് ചാർജിലുള്ളത്. കൊവിഡ് കാലത്ത് കോളേജ് പ്രവർത്തനം ഏതു പ്രകാരം വേണം എന്നതിൽ വ്യക്തമായ നിർദ്ദേശങ്ങൾ നൽകാതെ ഭരണ പരിചയം ഇല്ലാത്ത ഇത്തരം ചാർജ് പ്രിൻസിപ്പൽമാരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മാനസിക പീഡിപ്പിക്കുകയുമാണ്. പലയിടത്തും ദൈനംദിന കാര്യങ്ങൾ നടന്നുവരുന്നു എന്നല്ലാതെ ഫണ്ടുകൾ യഥാവിധി വിനിയോഗിക്കുന്നതിലോ മറ്റു നയപരമായ കാര്യങ്ങളിലോ ഒന്നും തന്നെ നടക്കുന്നില്ല എന്നതാണ് സ്ഥിതി.
ഇതിന് പുറമെ കേരള ചരിത്രത്തിൽ ഉന്നത വിദ്യാഭ്യാസത്തിനു മാത്രമായി ഒരു മന്ത്രി ഉള്ളപ്പോഴാണ് ഈ സ്ഥിതി എന്നതും ഏറെ ശ്രദ്ധേയമാണ്. സ്വർണക്കടത്ത് കേസിൽ അടക്കം സംശയത്തിന്‍റെ നിഴലിൽ നിൽക്കുന്ന മന്ത്രി കെ.ടി ജലീലിന്‍റെ പ്രവർത്തനവും
ഉന്നത വിദ്യാഭ്യാസ വകുപ്പിെലെ ഭരണവും താളം തെറ്റി. ഇതിന് പിന്നാലെയാണ് ചട്ടങ്ങൾ മറികടന്ന്
ബ്യൂറോക്രസി പ്രിൻസിപ്പൽ നിയമന നടപടികൾ സർക്കാർ ആരംഭിച്ചത്.

2018 – ലെ യുജിസി റഗുലേഷൻസ് അനുസരിച്ചുള്ള പ്രിൻസിപ്പൽ നിയമനത്തിനായി ചുരുങ്ങിയത് 15 വർഷത്തെ, അദ്ധ്യാപന പരിചയത്തോടെയുള്ള അസോസിയേറ്റ് പ്രഫസർഷിപ്പ്,  പി എച്ച് ഡി ബിരുദം യു ജി സി യുടെ ലിസ്റ്റിലുള്ള മിനിമം പത്തു പ്രബന്ധങ്ങൾ തുടങ്ങിയവയാണ് യോഗ്യതകൾ. കൂടാതെ പഴയ രീതിയായ വകുപ്പുതല പ്രമോഷൻ കമ്മിറ്റി ചേർന്നല്ല പ്രിൻസിപ്പൽ നിയമനം നടത്തേണ്ടത്. പകരം യു ജി സി നിഷ്കർഷിക്കുന്ന രീതിയിലുള്ള സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്യുന്നവരെ, യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമിക്കുകയാണ് ചെയ്യേണ്ടത്. ഇതിന് പുറമെ യു ജി സി വ്യവസ്ഥകൾ പാലിക്കണം എന്ന സുപ്രീം കോടതി വിധിയുമുണ്ട്. ഈ വിധിയുടെ അടിസ്ഥാനത്തിലെ നിയമനം നടത്തു എന്ന് കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലവും നൽകിയിട്ടുണ്ട്.

എന്നാൽ ഇക്കാര്യങ്ങൾ എല്ലാ കാറ്റിൽ പറത്തി ഇഷ്ടടക്കാരെ നിയമിക്കുകയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ്.  യു ജി സി റഗുലേഷൻസ് അനുസരിച്ച്, യോഗ്യരായ അധ്യാപകരിൽ നിന്നും പ്രപ്പോസലുകൾ ക്ഷണിച്ച് പരിശോധന നടത്തിയിരുന്നു. ഇതിൽ
അമ്പതോളം വരുന്ന ഒഴിവിലേക്ക്, അപേക്ഷകരിൽ 35 ഓളം പേർക്കാണു യോഗ്യത ലഭിച്ചത്. ഇവരിൽ ഇടതുപക്ഷ അനുഭാവികൾ തുലോം കുറവാണ് എന്ന കാരണത്താൽ മന്ത്രി ഇടപെടുകയും നിയമനത്തിന്‍റെ തുടർ നടപടികൾ നിർത്തിവെക്കുകയും ചെയ്തു.

ഇഷ്ടക്കാർക്കായി തൽക്കാലിക നിയമനം എന്ന വിശേഷണം നൽകിയാണിപ്പോൾ നിയമനം നടത്തുന്നത്.
സ്ഥിരമായുള്ള ഒഴിവുകളിൽ സ്ഥിരമായുള്ള നിയമനമാണ് ഇപ്പോൾ നടത്തുന്നതെങ്കിൽ അത്രയും പുതിയ അധ്യാപക നിയമനവും നിലവിലെ പി.എസ്.സി. ലിസ്റ്റിൽ നിന്നും നടത്താവുന്നതാണെന്നിരിക്കെയാണ് ഇവരെയെല്ലാം തഴഞ്ഞ് പാർട്ടി അനുഭാവികൾക്കായി പിൻവാതിൽ നിയമനം തുടർക്കഥയാക്കുന്ന സർക്കാരിന്‍റെ ഈ തീരുമാനം.

teevandi enkile ennodu para