സിബിഐയെ തടയാന്‍ ഓർഡിനന്‍സിന് സർക്കാർ നീക്കം ; നിയമപരമായി നേരിടുമെന്ന് രമേശ് ചെന്നിത്തല | VIDEO

Jaihind News Bureau
Tuesday, September 29, 2020

 

തിരുവനന്തപുരം: സിബിഐയെ തടയാന്‍ ഓർഡിനന്‍സിന് സർക്കാർ നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫയല്‍ നിയമ സെക്രട്ടറിയുടെ പരിഗണനയിലാണ്. സർക്കാർ നീക്കം അംഗീകരിക്കാന്‍ കഴിയില്ല. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി കേരളത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് തീരുമാനിക്കുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

സർക്കാർ നടപടി രാഷ്ട്രീയപ്രേരിതമാണ്. അഴിമതിക്കാരെയും കൊള്ളക്കാരേയും രക്ഷിക്കാന്‍ വേണ്ടിയാണിത്. നീക്കത്തില്‍ നിന്നും സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മടിയില്‍കനമുള്ളവർക്കേ പേടിക്കേണ്ടതുള്ളൂവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ മടിയില്‍ കനമുള്ളതുകൊണ്ടാണോ സിബിഐ കേരളത്തില്‍ വേണ്ടെന്നുള്ള തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം ചോദിച്ചു.  പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഓർഡിനന്‍സിനെ നിയമപരമായി നേരിടും. ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.