സർക്കാര്‍ ജോലി സഖാക്കള്‍ക്ക് ; യോഗ്യതയുള്ളവർ പുറത്ത് : എസ്.ആർ.പിയുടെ മകനും പിന്‍വാതില്‍ നിയമനം

Jaihind News Bureau
Wednesday, August 5, 2020

 

പിണറായി സർക്കാരിന്‍റെ കാലത്ത് പി.എസ്.സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനം തകൃതിയായി നടക്കുകയാണ്. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടക്കാത്തതില്‍ ഉദ്യോഗാർത്ഥികള്‍ക്കിടയില്‍ രോഷം പുകയുന്നതിനിടയിലും പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് യാതൊരു കുറവുമില്ല.  യോഗ്യതയുള്ളവര്‍ ജോലിയില്ലാതെ വലയുമ്പോള്‍ പത്താം ക്ലാസ് യോഗ്യത പോലുമില്ലാത്തവരെ ലക്ഷങ്ങള്‍ ശമ്പളം നല്‍കി നിയമിക്കുകയും ചെയ്യുന്നു പിണറായി സർക്കാർ.

പാർട്ടി അനുഭാവികളും നേതാക്കളുടെ മക്കളും ബന്ധുക്കളുമൊക്കെ കടമ്പകളേതുമില്ലാതെ സർക്കാർ ജോലിയിലെത്തുന്നുണ്ട്. സർക്കാരിനെതിരെ വ്യാപക പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയുടെ മകന്‍റെ നിയമനവും ശ്രദ്ധേയമാകുന്നത്. എസ്.ആർ.പിയുടെ മകന്‍ വിപിന്‍ ചന്ദ്രന് സംസ്ഥാന ആസൂത്രണ ബോര്‍ഡിലാണ് നിയമനം ലഭിച്ചത്. വൈസ് ചെയര്‍മാന്‍റെ ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്‍റ് തസ്തികയിലാണ് വിപിന്‍ ചന്ദ്രന് ജോലി ലഭിച്ചത്.

പിണറായി സര്‍ക്കാരിന്‍റെ കാലയളവിലാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍റെ ഓഫീസില്‍ വിപിന്‍ ചന്ദ്രന് നിയമനം ലഭിച്ചത്. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍റെ മാധ്യമ വിഭാഗം കൈകാര്യം ചെയ്യുന്നത് വിപിന്‍ ചന്ദ്രനാണ്. ടെക്‌നിക്കല്‍ അസിസ്റ്റന്‍റ് തസ്തികയാണെങ്കിലും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകളുടെയും മറ്റ് പ്രസിദ്ധീകരണങ്ങളുടെ മേല്‍നോട്ടവും വിപിന്‍ ചന്ദ്രന് തന്നെയാണ്. അതേസമയം നിയമനം നേടുന്നതിനുള്ള സാധാരണ നടപടിക്രമങ്ങള്‍ ഈ തസ്തികയില്‍ ബാധകമല്ലെന്നാണ് ആസൂത്രണ ബോര്‍ഡിന്‍റെ ഭാഗത്ത് നിന്നുള്ള വിശദീകരണം.

അധികാരത്തിലെത്തിയതിന് ശേഷം ബന്ധുനിയമനം ഉള്‍പ്പെടെ നിരവധി പരാതികളാണ് പിണറായി സർക്കാരിനെതിരെ ഉയർന്നിരുന്നത്. പിന്‍വാതില്‍ നിയമനങ്ങളും, കണ്‍സള്‍ട്ടന്‍റ് നിയമനങ്ങളും ഉള്‍പ്പെടെയുള്ള നടപടികള്‍ വിവാദമായിരിക്കെയാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയുടെ മകന്‍റെ നിയമനവും ശ്രദ്ധേയമാകുന്നത്. പി.എസ്.സിയെ നോക്കുകുത്തിയാക്കി പിന്‍വാതിലൂടെ ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന പിണറായി സർക്കാരിനെതിരെ വലിയ പ്രതിഷേധമാണ് ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. കഴിഞ്ഞ ദിവസം പി.എസ്.സി നിയമന നിരോധനത്തില്‍ ന്യായീകരണ വീഡിയോയുമായെത്തിയ എം.ബി രാജേഷിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.