“കർഷകന്‍റെ കഴുത്തില്‍ നികുതി കുരുക്കി സർക്കാർ” : തലശ്ശേരി ആർച്ച് ബിഷപ്പിന്‍റെ രൂക്ഷ വിമർശനം

Jaihind News Bureau
Sunday, February 9, 2025

കണ്ണൂര്‍: ഭൂനികുതി വര്‍ധനവ് സംബന്ധിച്ച സര്‍ക്കാരിന്‍റെ തീരുമാനം കർശനമായി വിമര്‍ശിച്ച് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി രംഗത്തെത്തി. കർഷകരെ മാന്യമായി കാണാനുള്ള നിബദ്ധത സര്‍ക്കാരിന് ഇല്ലെന്നാണ് ഈ നീക്കം വ്യക്തമാക്കുന്നത് എന്നാണ് ബിഷപ്പിന്‍റെ കഠിന വിമർശനം. സര്‍ക്കാര്‍ നിലപാട് കർശക വിരുദ്ധമാണെന്നും മാർ പാംപ്ലാനി തുറന്നടിച്ചു.

“ഉദ്യോഗസ്ഥരുടെ ശമ്പളം കൂട്ടുന്നതിനായി സർക്കാർ കർഷകരുടെ കഴുത്തിന് പിടിക്കുകയാണ്,” അദ്ദേഹം ആരോപിച്ചു. കേന്ദ്രവും സംസ്ഥാനവും അവതരിപ്പിച്ച ബജറ്റുകളിലും മലയോര കർഷകർക്ക് യാതൊരു ആശ്വാസ നടപടിയും കാണാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കത്തോലിക്കാ കോൺഗ്രസ്സിന്‍റെ തലശ്ശേരി അതിരൂപതയുടെ നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “കർഷകരുടെ ഭൂമിയിൽ നികുതി വർധിപ്പിക്കുന്നതാണ് വലിയ ആദായമാർഗമായി സർക്കാർ കാണുന്നതെങ്കില്‍, കർഷകനെ മാനിക്കാത്ത ഭരണകൂടമാണ് ഇപ്പോള്‍ ഭരിക്കുന്നതെന്ന് പറയേണ്ടി വരും.” മാർ പാംപ്ലാനി പറഞ്ഞു. കേന്ദ്ര ബജറ്റിലും സംസ്ഥാന ബജറ്റിലും മലയോര കർഷകർക്ക് പ്രതീക്ഷ നൽകുന്ന നടപടികളൊന്നുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.