പ്രിന്‍സിപ്പല്‍ നിയമനമാണ്, പാർട്ടി ക്ലാസിലേക്കല്ല; സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ മരണമണി മുഴക്കുന്നു: ഫർഹാൻ മുണ്ടേരി

Jaihind Webdesk
Friday, July 28, 2023

 

തിരുവനന്തപുരം: കോളേജ് പ്രിൻസിപ്പൽ നിയമനത്തിനുള്ള പട്ടിക അട്ടിമറിച്ചതിലൂടെ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു സത്യപ്രതിജ്ഞാലംഘനവും സ്വജനപക്ഷപാതവും നടത്തിയെന്ന്  കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫർഹാന്‍ മുണ്ടേരി. ഇത്തരം നടപടികളിലൂടെ മന്ത്രി ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ മരണമണി മുഴക്കുകയാണെന്നും ഫർഹാന്‍ കുറ്റപ്പെടുത്തി.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്‍റെ നിർദേശത്തോടെയാണ് അട്ടിമറി നടന്നിരിക്കുന്നത്. സ്വന്തക്കാർക്ക് മെറിറ്റിന്‍റെ അടിസ്ഥാനത്തിൽ നിയമനം കിട്ടാതായപ്പോൾ പട്ടിക തിരുത്തി അനർഹരെ തിരുകി കയറ്റിയ മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനവും നഗ്നമായ സ്വജനപക്ഷപാതവുമാണ്. ഇഷ്ടക്കാരെ തോന്നിയത് പോലെ തിരുകി കയറ്റുന്ന ഇടതു സർക്കാരിന്‍റെ രീതി തുടരുകയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിനെ തകർത്ത് പാർട്ടി കേഡറുകളെ നിയമിക്കുകയാണ്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന് തല്‍സ്ഥാനത്ത് തുടരാൻ അർഹതയുണ്ടോ എന്ന് സ്വയം ചിന്തിക്കാൻ തയാറാകണമെന്നും ഫർഹാന്‍ മുണ്ടേരി പറഞ്ഞു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവിലെ തകർച്ചകൾ മൂലമാണ് മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും വിദ്യാർത്ഥികൾ പോകുന്നത്. അത് തടയാനോ പരിഹരിക്കാനോ താൽപര്യം കാണിക്കാത്ത മന്ത്രി ഇത്തരത്തിലുള്ള നെറികേടുകൾക്ക് നേതൃത്വം നൽകി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ മരണമണി അടിക്കുകയാണ് ചെയ്യുന്നത്. കോളേജുകളിലേക്കുള്ള പ്രിൻസിപ്പൽമാരുടെ നിയമനമാണ്, അല്ലാതെ പാർട്ടി ക്ലാസ് എടുക്കുന്നവർക്കുള്ള നിയമനം അല്ല നടക്കുന്നത് എന്ന സാമാന്യബോധമെങ്കിലും മന്ത്രിക്ക് ഉണ്ടാകണമെന്നും   കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി പറഞ്ഞു.