ഐ.ടി വകുപ്പിലെ ക്രമക്കേടുകൾ അന്വേഷിക്കുന്ന സമിതി അധ്യക്ഷനും അംഗത്തിനും സർക്കാരിന്‍റെ ഗുഡ് സർവീസ് എൻട്രി ; ഉദ്ദിഷ്ടകാര്യത്തിന് മുന്‍കൂർ ഉപകാരസ്മരണയെന്ന് ആക്ഷേപം

Jaihind News Bureau
Tuesday, August 11, 2020

ഐ.ടി വകുപ്പിലെ ക്രമക്കേടുകൾ അന്വേഷിക്കുന്ന സമിതി അധ്യക്ഷനും അംഗത്തിനും സർക്കാരിന്‍റെ ഗുഡ് സർവീസ് എൻട്രി. ധനവകുപ്പ് അഡീഷണൽ സെക്രട്ടറി എസ് അനിൽകുമാറിനും അക്കൗണ്ടന്‍റ് ജി.കെ അജിത് രാജിനുമാണ് സർക്കാർ ഗുഡ് സർവീസ് എൻട്രി നൽകിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഐ.ടി സെക്രട്ടറിയായിരിക്കെ നടത്തിയ നിയമനങ്ങളാണ് അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കുന്നത്.

പൊതുമരാമത്ത് വകുപ്പിലെ ക്രമക്കേടുകൾ കണ്ടെത്തിയതിനാണ് ധനകാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറി എസ് അനിൽകുമാറിനും അക്കൗണ്ട്സ് ഓഫിസർ ജി.കെ അജിത് രാജിനും സർക്കാർ ഗുഡ് സർവീസ് എൻട്രി നൽകിയിരിക്കുന്നത്. ധനകാര്യ വകുപ്പ് സെക്രട്ടറി രാജേഷ്കുമാർ സിംഗ് കഴിഞ്ഞ ദിവസം ഇക്കാര്യത്തിൽ ഉത്തരവിറക്കി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ അന്വേഷണത്തിനു ശേഷം എം ശിവശങ്കറെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് നിയമനങ്ങൾ അന്വേഷിക്കാൻ അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചത്.

സ്പ്രിങ്ക്ളർ വിവാദവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ അന്വേഷിക്കുന്ന സമിതിയിലെ അംഗമായ രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ ആരോഗ്യ ഉപദേഷ്ടാവായി നിയമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായിരിക്കുന്ന ഒരാൾക്ക് സ്പ്രിങ്ക്ളർ പോലെ സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുന്ന ഇടപാടിൽ എങ്ങനെ സത്യസന്ധമായ റിപ്പോർട്ട് സമർപ്പിക്കാൻ കഴിയും എന്ന ചോദ്യമാണ് അന്നുയർന്നത്. സമാനമായ ചോദ്യമാണ് എം ശിവശങ്കറിനെതിരായുള്ള അന്വേഷണ സമിതിയെക്കുറിച്ചും ഉയരുന്നത്.

സ്വർണ്ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ്, മുഖ്യമന്ത്രിയുടെ മുൻ ഐ.ടി ഫെലോ അരുൺ ബാലചന്ദ്രൻ എന്നിവരുടേത് ഉള്‍പ്പെടെയുള്ള നിയമനങ്ങളും, ഇതിൽ എം ശിവശങ്കറുടെ ഇടപെടലുമാണ് സമിതിയുടെ അന്വേഷണ പരിധിയിയിലുള്ളത്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ഫയലുകൾ സമിതി പരിശോധിച്ചിരുന്നു. എന്നാൽ ഇവർക്ക് ഉയർന്ന ചില സ്ഥാനങ്ങൾ നൽകുന്നതിന്‍റെ സൂചനയാണ് ഇപ്പോഴത്തെ ഗുഡ് സർവീസ് എൻട്രിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സി ആപ്റ്റിൽ ലോട്ടറി വിതരണവുമായി ബന്ധപ്പെട്ട് 42 ലക്ഷത്തിന്‍റെ ക്രമക്കേട് നടത്തിയ 24 ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിലും അഡീഷണൽ സെക്രട്ടറിയുടെ പങ്ക് ആരോപണ വിധേയമായിരുന്നു.