സമൂഹ അടുക്കള നടത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ വിഹിതം നല്‍കണം: മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടി കത്ത് നല്‍കി

Jaihind News Bureau
Thursday, April 9, 2020

സമൂഹ അടുക്കളയും ഭക്ഷണ വിതരണവും തുടർന്നുകൊണ്ടു പോകുവാനുള്ള ഭാരിച്ച സാമ്പത്തിക ബാധ്യത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മാത്രം ഏല്‍പ്പിക്കാതെ ഗവൺമെന്‍റിന്‍റെ ഒരു വിഹിതം ഇതിനായി അനുവദിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിൽ ആവശ്യപ്പെട്ടു.

സമൂഹ അടുക്കളയുടെ നടത്തിപ്പിന് സ്വമേധയാ സാമൂഹ്യ സേവനത്തിന് വരുന്നവരെ നിരുത്സാഹപ്പെടുത്തുന്നതും കുറ്റവാളികളായി കാണുന്നതും ശരിയല്ല. സമൂഹ അടുക്കളയിൽ ഉച്ചഭക്ഷണത്തിന് പുറമെ പ്രഭാത ഭക്ഷണവും വൈകുന്നേരത്തെ ഭക്ഷണവും സന്നദ്ധ സംഘടനകൾ നൽകുന്നത് പരിഗണിക്കണമെന്ന് ഉമ്മൻ ചാണ്ടി നിർദേശിച്ചു. കാർഷിക വായ്പ ഉൾപ്പെടെ സഹകരണ ബാങ്കിന്‍റെയും കൊമേഴ്സ്യൽ ബാങ്കുകളിലെയും എല്ലാ വായ്പകൾക്കും ഒരുവർഷത്തെ മൊറട്ടോറിയവും ആ കാലത്തെ പലിശ ഇളവും നല്‍കിയാലേ കർഷകർക്കും സാധാരണക്കാർക്കും സാമ്പത്തിക ആശ്വാസം ആകുകയുള്ളൂ. ഇപ്പോൾ ബാങ്കുകൾ അനുവദിച്ചിട്ടുള്ള 3 മാസത്തെ മൊറട്ടോറിയം സാമ്പത്തിക പ്രതിസന്ധിക്ക് അല്‍പം പോലും പരിഹാരം ആകില്ല.
യാത്രാ നിയന്ത്രണങ്ങൾ മാറുമ്പോൾ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് വേണ്ട സൗകര്യം നല്കാൻ ഇപ്പോൾ തന്നെ മുൻകരുതൽ എടുക്കണം. വിവിധ രാജ്യങ്ങളിലെ മലയാളി സമൂഹത്തിന് കൊവിഡ് മൂലമുള്ള പ്രശ്‌നങ്ങൾ ഉന്നയിക്കാൻ നോർക്കയിൽ ടോൾഫ്രീ നമ്പർ ഉൾപ്പെടെ സംവിധാനം വേണം.

കൊവിഡ്-19 നിയന്ത്രിക്കുന്നതിനുള്ള ജാഗ്രത കുറയ്ക്കാതെ തന്നെ കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് അവസരം ഉണ്ടാക്കണം. റബ്ബർ ടാപ്പിംഗിനും അനുമതി നൽകുന്ന കാര്യം പരിഗണിക്കണം. 15 മാസം കുടിശികയായ 150 രൂപയുടെ റബർ വില സ്ഥിരതാ ഫണ്ട് ഉടനേ നല്‍കാൻ നടപടി സ്വീകരിക്കണം. നെൽപ്പാടങ്ങളിൽ കൊയ്ത്തു യന്ത്രങ്ങളും ഡ്രൈവറന്മാരും വരുന്നത് ഉറപ്പ് വരുത്തുവാനും കൊയ്യുന്ന നെല്ല് സംഭരിക്കാനും യഥാസമയം വില നല്‍കുവാനും നിർദേശം നല്‍കണം. കർഷക പെൻഷൻ കുടിശികയും അടിയന്തരമായി നൽകാൻ നടപടി ഉണ്ടാകണം.

കേരള റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ വഴി റബ്ബർ സംഭരിക്കുവാനും കേരള കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ വഴി കശുവണ്ടി, കൊപ്ര, പച്ചതേങ്ങ തുടങ്ങിയവ സംഭരിക്കുവാനും നിർദ്ദേശം കൊടുത്താൽ കർഷകർക്ക് വലിയ പ്രയോജനം ലഭിക്കും. മലഞ്ചരക്ക് കടകൾ ആഴ്ചയിൽ രണ്ട് ദിവസം എങ്കിലും തുറക്കണം. സംഭരിച്ച റബ്ബർ വാങ്ങാനും കൊണ്ടുപോകാനും വൻകിട വ്യാപാരികൾക്കും ടയർ ഫാക്ടറികൾക്കും നിർദേശം നൽകണം. കാപ്പക്‌സും കാഷ്യൂ കോർപ്പറേഷനും ആരംഭിച്ച കശുവണ്ടി സംഭരണം മുടങ്ങാതെ നടത്തുവാനും സംഘങ്ങൾ സംഭരിച്ച കശുവണ്ടി ഏറ്റെടുക്കാനും നടപടി ഉണ്ടാകണം. അന്യ സംസ്ഥാനത്ത് നിന്നും കൊണ്ടുവരേണ്ട കോഴിത്തീറ്റ, കന്നുകാലിത്തീറ്റ എന്നിവ യഥാസമയം കർഷകർക്ക് ലഭ്യമാക്കുവാൻ മൃഗസംരക്ഷണ വകുപ്പ് നടപടികൾ സ്വീകരിക്കണം.

സാമൂഹ്യ സുരക്ഷാ മിഷൻ, ആശ്വാസ കിരൺ അനാഥാലയങ്ങളുടെ ഗ്രാന്‍റ് തുടങ്ങി ഗവൺമെന്‍റിന്‍റെ സഹായം കൊണ്ട് മാത്രം നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ കുടിശിക തീർത്തു നല്കണം. ലോക്ക് ഡൗൺ മൂലം കടലിൽ പോകാൻ കഴിയാതെ പട്ടിണിയുടെ വക്കിലായ മത്സ്യ തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. കശുവണ്ടി, കയർ, കൈത്തറി, ഖാദി, വാദ്യ കലാകാരന്മാർ, തൊഴിലുറപ്പ് തൊഴിലാളി തുടങ്ങിയ പരമ്പരാഗത മേഖലയിലെ എല്ലാ തൊഴിലാളികൾക്കും സഹായങ്ങൾ പ്രഖ്യാപിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

teevandi enkile ennodu para