കൊവിഡ് രോഗ വ്യാപനം കൂടുന്ന പശ്ചാത്തലത്തിലും കൂടുതൽ ഇളവുകൾ നൽകി സർക്കാർ

Jaihind News Bureau
Tuesday, September 22, 2020

 

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിലും കൂടുതൽ ഇളവുകൾ നൽകി സർക്കാർ രംഗത്ത്. പുതിയ ഉത്തരവ് പ്രകാരം സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവർക്ക് ക്വാറന്‍റൈൻ ഏഴു ദിവസമാക്കി ചുരുക്കി. ഇതിനു പുറമേ സർക്കാർ ഓഫീസുകളിൽ നൂറു ശതമാനം ഹാജരും നിർബന്ധമാക്കിയിട്ടുണ്ട്.

കൊവിഡ് രോഗവ്യാപനം സംബന്ധിച്ച് സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിലാണ് സർക്കാർ കൂടുതൽ ഇളവ് നൽകി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നൽകിയ ഉത്തരവിൽ സംസ്ഥാനത്തിനു പുറത്തു നിന്നു വരുന്നവരുടെ ക്വാറന്‍റൈൻ കാലയളവ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി കുറച്ചിട്ടുമുണ്ട്.

പുറത്തു നിന്നെത്തുന്നവർക്ക് 7 ദിവസമായാണ് ക്വാറന്‍റൈൻ കാലയളവ് ചുരുക്കിയത്. എന്നാൽ 7 ദിവസത്തിനു ശേഷം പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. പരിശോധന നടത്താൻ താൽപര്യമില്ലെങ്കിൽ ക്വാറന്‍റൈൻ കാലയളവ് 14 ദിവസമായി ഉയരും. 7 ദിവസത്തിന് ശേഷം പരിശോധനയിൽ നെഗറ്റീവായാൽ ബാക്കിയുള്ള 7 ദിവസത്തെ ക്വാറന്‍റൈൻ നിർബന്ധമല്ല. ഇതിനു പുറമേ സർക്കാർ ഓഫീസുകളിൽ നൂറു ശതമാനം ഹാജരും പുതിയ ഉത്തരവിൽ നിർബന്ധമാക്കിയിട്ടുണ്ട്.