ബി.ജെ.പിക്ക് കനത്ത തിരിച്ചടി; ഗോര്‍ഖ ജനമുക്തി മോര്‍ച്ചയും എന്‍.ഡി.എ വിട്ടു

Jaihind Webdesk
Monday, January 21, 2019

 

ബംഗാളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ഗോര്‍ഖ ജനമുക്തി മോര്‍ച്ചയും എന്‍.ഡി.എയുമായുള്ള സഖ്യം അവസാനിപ്പിച്ചു. ബി.ജെ.പിയുമായി പത്ത് വര്‍ഷം നീണ്ട സഖ്യം അവസാനിപ്പിക്കുന്നതായി ഗോര്‍ഖ ജനമുക്തി മോര്‍ച്ച  ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്‍.ഡി.എ സഖ്യം അവസാനിപ്പിക്കുന്നതായും പ്രതിപക്ഷ സഖ്യത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നും കാട്ടി ഗോര്‍ഖാ ജനമുക്തി മോര്‍ച്ച പാര്‍ട്ടി അധ്യക്ഷന്‍ ബിനയ് തമാംഗ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കത്ത് നല്‍കി. കുറഞ്ഞത് നാല് സീറ്റുകളിലെയെങ്കിലും തെരഞ്ഞെടുപ്പ് കണക്കുകളെ സ്വാധീനിക്കുന്നതാണ് ഗോര്‍ഖ ജനമുക്തി മോര്‍ച്ചയുടെ പിന്മാറ്റമെന്നാണ് വിലയിരുത്തല്‍.

മോര്‍ച്ച പാര്‍ട്ടി അധ്യക്ഷന്‍ ബിനയ് തമാംഗും ജനറല്‍ സെക്രട്ടറി അനിത് തപയും ബംഗാളില്‍ നടന്ന ഐക്യ ഇന്ത്യ റാലിയിലും  പങ്കെടുത്തിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി എന്‍.ഡി.എയുമായി ഉണ്ടായിരുന്ന സഖ്യം ഉപേക്ഷിക്കുന്നതായും 2019 തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യവുമായി ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നും ഗോര്‍ഖാ ജനമുക്തി മോര്‍ച്ച പാര്‍ട്ടി അധ്യക്ഷന്‍ ബിനയ് തമാംഗ്, മതയ്ക്ക് നല്‍കിയ കത്തില്‍ പറയുന്നു. ഇപ്പോഴും സ്വന്തമായി പട്ടയം പോലുമില്ലാത്തവര്‍ തങ്ങളുടെയിടയില്‍ നിരവധിയാണെന്നും മലയോര ജനതയ്ക്ക് നല്‍കിയ ഒരു വാഗ്ദാനങ്ങളും പാലിക്കപ്പെട്ടില്ലെന്നും തമാംഗ് കുറ്റപ്പെടുത്തി.

ഗോര്‍ഖാ ജനമുക്തി മോര്‍ച്ച പാര്‍ട്ടി അധ്യക്ഷന്‍ ബിനയ് തമാംഗ്

ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയില്‍ നിന്ന് പാര്‍ട്ടികളുടെ ഭീമമായ കൊഴിഞ്ഞുപോക്കാണ് ഉണ്ടാകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തില്‍ ഇത് ബി.ജെ.പി ക്യാമ്പിനെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്.

മോദി പ്രധാനമന്ത്രി പദവിയിലെത്തിയതിന് പിന്നാലെ പതിനേഴോളം കക്ഷികളാണ് എന്‍.ഡി.എയുമായുള്ള സഖ്യം ഉപേക്ഷിച്ച് പുറത്തുപോയത്. ഇനിയും നിരവധി പാര്‍ട്ടികളാണ് ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. നിരവധി വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ ഭരണത്തില്‍ സമ്പൂര്‍ണ പരാജയമാണെന്നതും തങ്ങളുടെ അഭിപ്രായങ്ങള്‍ മുഖവിലയ്ക്കെടുക്കാത്തതിലും ചെറുപാര്‍ട്ടികള്‍ പൂര്‍ണമായും അതൃപ്തരാണ്.