അമിത്ഷായുടെ ഹെലികോപ്റ്ററിന് ലാന്റിങ് അനുമതി നിഷേധിച്ച് മമത

Jaihind Webdesk
Monday, January 21, 2019

ന്യൂഡല്‍ഹി: നാളെ ബംഗാള്‍ സന്ദര്‍ശിക്കുന്ന ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്റ്ററിന് ലാന്റിങ് അനുമതി നിഷേധിച്ച് ബംഗാള്‍ സര്‍ക്കാര്‍. പശ്ചിമബംഗാളിലെ മാല്‍ഡയിലാണ് ഹെലികോപ്ടറിലെത്താന്‍ അമിത് ഷാ തീരുമാനിച്ചിരുന്നത്.
മാല്‍ഡ എയര്‍പോര്‍ട്ടിലെ ഹെലിപാഡില്‍ അറ്റകുറ്റപണികള്‍ നടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മമത സര്‍ക്കാര്‍ അമിത് ഷായുടെ ഹെലികോപ്ടര്‍ ലാന്റിങിന് അനുമതി നിഷേധിച്ചിരിക്കുന്നത്.

എന്നാല്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്ന ഇതേ ഹെലിപാഡില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മമത ബാനര്‍ജി ഹെലികോപ്റ്ററിറങ്ങിയിരുന്നുവെന്നും അമിത് ഷാക്ക് ലാന്റിങ് അനുമതി നിഷേധിച്ചത് രാഷ്ട്രീയ പകപോക്കലാണെന്നും ബി.ജെ.പി ആരോപിച്ചു.
‘മാല്‍ഡ ഡിവിഷനിലെ എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ റിപ്പോര്‍ട്ട് പ്രകാരം എയര്‍പോര്‍ട്ടില്‍ അറ്റകുറ്റപണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. റണ്‍വേയില്‍ നിര്‍മാണ സാമഗ്രികള്‍ പലതും കൂട്ടിയിട്ടിരിക്കയാണ്. പണികള്‍ നടക്കുന്നതിനാല്‍ താല്‍ക്കാലിക ഹെലിപാഡ് സജ്ജമാക്കാനും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ഹെലികോപ്ടറുകള്‍ക്ക് ലാന്‍ഡ് ചെയ്യാനുള്ള സൗകര്യം എയര്‍പോര്‍ട്ടിലില്ല.’- എന്നാണ് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഔദ്യോഗികമായി അറിയിച്ചത്.[yop_poll id=2]