തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം; വീടുകയറി നടത്തിയ ആക്രമണത്തില്‍ മൂന്ന് പേർക്ക് പരിക്ക്

Jaihind Webdesk
Saturday, January 8, 2022

തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. തിരുവനന്തപുരം നെയ്യാറ്റിൻകര ധനുവച്ചപുരത്ത് കഴിഞ്ഞദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. ധനുവച്ചപുരം സ്വദേശി ബിജുവിന്‍റെ വീട്ടിലാണ് ആക്രമണം നടന്നത്.

ആക്രമത്തിൽ പാറാശാല സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഇവരുടെ വീടിന് സമീപം വീടുകയറി ഗുണ്ടാ സംഘം അക്രമം നടത്തിയിരുന്നു . ഈ വിവരം പൊലീസിനോട് പറഞ്ഞുവെന്നാരോപിച്ചാണ് ഗുണ്ടാ സംഘം ആക്രമിച്ചത്.

അതേസമയം അക്രമി സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. നെയ്യാറ്റിൻകര മഞ്ചവിളാകം സ്വദേശി സതീഷാണ് പിടിയിലായത്. ആക്രമി സംഘത്തിലെ ബാക്കിയുള്ളവർ ഇനിയും പിടിയിലാകാനുണ്ട്.