‘പോറ്റിക്ക് ഒത്താശ’: ശ്രീകോവിലിലെ വാതിലിന് എന്തു പറ്റി?; എത്ര സ്വര്‍ണം നഷ്ടമായെന്ന് കണ്ടെത്തണം; ദേവസ്വം ബോര്‍ഡിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

Jaihind News Bureau
Wednesday, November 5, 2025

ശബരിമല സ്വര്‍ണ്ണപ്പാളി കേസില്‍ സമഗ്രമായ ശാസ്ത്രീയ അന്വേഷണം നടത്താന്‍ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) അനുമതി നല്‍കി. എത്ര സ്വര്‍ണം നഷ്ടമായെന്ന് കൃത്യമായി കണ്ടെത്താന്‍, വിവിധ കേന്ദ്രങ്ങളില്‍നിന്ന് സ്വര്‍ണ സാമ്പിളുകള്‍ ശേഖരിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

ഇതിനിടെ, ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്‌ഐടി തങ്ങളുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ശ്രീകോവിലിന്റെ വാതില്‍ പുതുക്കിപ്പണിതതുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കോടതി എസ്‌ഐടിക്ക് നിര്‍ദേശം നല്‍കി. പോറ്റിയെ മുന്‍നിര്‍ത്തി ഇവിടെ വന്‍ തട്ടിപ്പ് നടന്നതായാണ് കോടതി സംശയിക്കുന്നത്. ചെന്നൈയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ അറിയണം. പോറ്റിക്ക് ഉദ്യോഗസ്ഥര്‍ അമിതമായ സ്വാതന്ത്ര്യം നല്‍കിയെന്നും, പോറ്റി നടത്തിയ പല ഇടപാടുകള്‍ക്കും ദേവസ്വം ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തുവെന്നും ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കാളികളായ എല്ലാവരിലേക്കും അന്വേഷണം എത്തണം. ‘ദേവന്റെ സ്വത്ത് സംരക്ഷിക്കുക എന്നതാണ് ദേവസ്വം ബോര്‍ഡിന്റെ അടിസ്ഥാന ലക്ഷ്യം,’ കോടതി ഓര്‍മ്മിപ്പിച്ചു. കൂടാതെ, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന കാര്യവും എസ്‌ഐടി പരിശോധിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.