സ്വർണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ല; കേന്ദ്ര ഏജൻസികളുടെ സംയുക്ത അന്വേഷണം വേണമെന്ന് വി.എം സുധീരന്‍

Jaihind News Bureau
Wednesday, July 8, 2020

V.M.-Sudheeran

 

തലസ്ഥാനത്തെ സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് യാതൊന്നും ചെയ്യാനില്ലെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. മുഖ്യമന്ത്രിയുടെ പ്രതികരണം ആർക്കും ബോധ്യപ്പെടുന്നതല്ല. കേസില്‍ സമഗ്രമായ  അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുകൊണ്ടുവരാൻ കഴിയൂവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസും അന്വഷണ പരിധിയിൽ വരണം. രാജ്യാന്തര കള്ളക്കടത്ത് രാജ്യസുരക്ഷയെ ബാധിക്കുന്നതിനാല്‍ വിവിധ കേന്ദ്ര ഏജൻസികളുടെ സംയുക്ത അന്വേഷണമാണ് വേണ്ടത്. സി.ബി.ഐ , എൻ.ഐ.എ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, കസ്റ്റംസ് തുടങ്ങിയ ഏജൻസികളുടെ ജോയിൻറ് ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കേണ്ടതായ അതീവ ഗൗരവമുള്ളതാണ്  സ്വർണകള്ളക്കടത്ത് പരമ്പരയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസ്താവനയുടെ പൂർണരൂപം

ഏവരെയും ഞെട്ടിച്ച തലസ്ഥാനത്തെ വൻ സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് യാതൊന്നും ചെയ്യാനില്ലെന്ന ബഹു മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ല. ആർക്കും ബോധ്യപ്പെടുന്നതുമല്ല.
വിവാദവനിത ബഹു മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ(Secretary to CM) ശിവശങ്കർ ഐ എ എസുമായിട്ടുള്ള ബന്ധം നിയമവിരുദ്ധമായ കാര്യങ്ങൾക്കായി ദുരുപയോഗപ്പെടുത്തി എന്നതാണല്ലോ യഥാർത്ഥ പ്രശ്നം.
മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ  സെക്രട്ടറിമാർ പ്രവർത്തിക്കുന്നതും ഇടപെടുന്നതും മുഖ്യമന്ത്രിയുടെയോ അതാതു മന്ത്രിമാരുടെയൊ നിർദ്ദേശാനുസരണമാണ്. മറ്റ് ഔദ്യോഗിക സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് നിർദ്ദേശം നൽകുന്നതും അവരുമായി ഇടപെടുന്നതും ആരുടെ സെക്രട്ടറിയായി പ്രവർത്തിക്കുന്നുവോ അവർക്കുവേണ്ടി ആണെന്നതായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് സെക്രട്ടറിമാരുടെ ഓരോ നടപടിയിലും അവരെ നിയോഗിച്ച മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പൂർണ്ണ ഉത്തരവാദിത്വം ഉണ്ടെന്നത് അനിഷേധ്യമാണ്.
അവിടെയാണ് ബഹു മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന നിലയിൽ ശിവശങ്കർ ഐ എ എസി ന് വിവാദ വനിതയുമായിട്ടുള്ള ബന്ധത്തിൻറെ അടിസ്ഥാനത്തിലുള്ള ഇടപാടുകളെ കുറിച്ചുള്ള ആരോപണം ഉയർന്നു വരുന്നത്. ഈ സാഹചര്യത്തിലാണ്‌ സ്വർണ്ണക്കള്ളക്കടത്ത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ  മുഖ്യമന്ത്രിയുടെ ഓഫീസിനുനേരെ ചോദ്യങ്ങൾ ഉയരുന്നത്. എന്നാൽ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയിൽ ഉത്തരങ്ങൾ നൽകാൻ ബഹു മുഖ്യമന്ത്രിയുടെയുടെ വിശദീകരണം പര്യാപ്തമല്ല.

ഇപ്പോൾ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും, ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും ശിവശങ്കർ ഐഎഎസ്നെ നീക്കംചെയ്ത ബഹു മുഖ്യമന്ത്രി സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായി നിയമത്തിനു നിരക്കാത്തതായ അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളെക്കുറിച്ച് യാതൊന്നും പരാമർശിച്ചു കാണുന്നില്ല.

ഈ സാഹചര്യത്തിൽ സമഗ്രമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുകൊണ്ടുവരാൻ ആവൂ. സ്വാഭാവികമായി മുഖ്യമന്ത്രിയുടെ ഓഫീസും അന്വഷണ പരിധിയിൽ വരേണ്ടതാണ്. രാജ്യാന്തര കള്ളക്കടത്ത് രാജ്യസുരക്ഷയെ ബാധിക്കുന്നത് കൂടി ആയതുകൊണ്ട് ഇതേക്കുറിച്ച് വിവിധ കേന്ദ്ര ഏജൻസികളുടെ സംയുക്ത അന്വേഷണമാണ് അനിവാര്യമായിട്ടുള്ളത്. സി.ബി.ഐ, എൻ.ഐ.എ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് , കസ്റ്റംസ് തുടങ്ങിയ ഏജൻസികളുടെ ജോയിൻറ് ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കേണ്ടതായ അതീവ ഗൗരവമുള്ളതാണ് നാളുകളായി നടന്നുവരുന്ന ഈ സ്വർണകള്ളക്കടത്ത് പരമ്പര.

ഇക്കാര്യത്തിൽ യുഎഇ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്ന സിപിഎം കേന്ദ്രകമ്മിറ്റിയുടെ നിലപാട് ഉചിതമാണ്. അത് ഉൾക്കൊണ്ടുകൊണ്ട് കേന്ദ്ര ഏജൻസികളുടെ സംയുക്ത അന്വേഷണത്തിന് സംസ്ഥാന സർക്കാർ തയ്യാറാവണം. അതിനായി സംസ്ഥാനസർക്കാർ തന്നെ ഔദ്യോഗികമായി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും വേണം.