‘സിപിഎം കമ്മിറ്റി’ ടെലഗ്രാം ഗ്രൂപ്പ് : സ്വർണ്ണക്കടത്ത് ആസൂത്രണത്തിന്‍റെ ചാറ്റ് വിവരങ്ങള്‍ പുറത്ത്

കൊച്ചി: സ്വർണ്ണക്കടത്ത് കേസില്‍ പ്രതികളുടെ ഗൂഢാലോചന തെളിയിക്കുന്ന തെളിവുകള്‍ പുറത്ത്. പ്രതികള്‍ക്കുള്ള കസ്റ്റംസിന്‍റെ കാരണം കാണിക്കല്‍ നോട്ടീസിനൊപ്പമാണ് സരിത്ത്, സന്ദീപ്, റമീസ് എന്നിവരുടെ പങ്കാളിത്തം വ്യക്തമാക്കുന്ന ടെലഗ്രാം സന്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് തുടങ്ങിയ ശേഷം കേസിലെ മുഖ്യപ്രതികളായ സരിത്ത്, സന്ദീപ്, റമീസ് എന്നിവരയച്ച ടെലഗ്രാം സന്ദേശത്തിന്റെ ഒരു ഭാഗമാണ് കാരണം കാണിക്കല്‍ നോട്ടീസിലുള്ളത്. ‘സിപിഎം കമ്മിറ്റി’ എന്ന പേരിലായിരുന്നു ടെലഗ്രാം ഗ്രൂപ്പ്.

2019 ഡിസംബര്‍ ഒന്നിനാണ് റിപ്പോര്‍ട്ടിലുള്ള ആദ്യ ചാറ്റ് തുടങ്ങുന്നത്. ആദ്യ ചരക്കില്‍ 50 കിലോയുടെ നോട്ടിഫിക്കേഷന്‍ ഉണ്ടെന്ന് ചാറ്റില്‍ സരിത്ത് പറയുന്നു. ഓരോ തവണയും വിമാനത്താവളത്തിലെത്തുന്ന സ്വര്‍ണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന ആസൂത്രണമാണ്‌ ചാറ്റില്‍ നടന്നത്. ലാന്‍ഡ്ക്രൂയിസറോ ഇന്നോവയോ ഉണ്ടെങ്കില്‍ സ്വര്‍ണമടങ്ങുന്ന പെട്ടി സുഗമമായി കടത്താമെന്നും റമീസ് പറയുന്നു. തിരുവനന്തപുരത്തേക്ക് വരുന്ന ലഗേജില്‍ നയതന്ത്ര കാര്‍ഗോയെന്ന് ഉറപ്പായും രേഖപ്പെടുത്തണമെന്ന് സരിത്തും സന്ദേശത്തില്‍ പറയുന്നു.

ബാഗേജ് സ്വീകരിക്കുന്ന കോണ്‍സല്‍ ജനറലിന്റെ പേരിന് പകരം ബംഗാളി പേര് നല്‍കണമെന്നും നിര്‍ദേശിക്കുന്നു. 2019 ഡിസംബര്‍ 19-ന് നടത്തിയ ചാറ്റില്‍ സ്വര്‍ണം കൈപ്പറ്റിയതായി സരിത്ത് സ്ഥിരീകരിക്കുന്നുണ്ട്. 23-ന് മറ്റൊരു ബാഗേജും സരിത്ത് കൈകാര്യം ചെയ്തു. സരിത്തിന്റെ കാറില്‍ സ്വര്‍ണം പുറത്തെത്തിച്ചതിന്റെ സന്തോഷം പങ്കുവെച്ചാണ് ചാറ്റ് അവസാനിപ്പിക്കുന്നത്. ചാറ്റിന് പുറമേ വോയ്‌സ് സന്ദേശങ്ങളും കുറ്റപത്രത്തിന് സമാനമായ കാരണം കാണിക്കല്‍ നോട്ടീസില്‍ കസ്റ്റംസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Comments (0)
Add Comment