സ്വര്‍ണ്ണക്കടത്ത്: വിവാദ കമ്പനി യുഎഎഫ്എക്‌സ് സൊല്യൂഷന്‍സുമായി മന്ത്രി ഇ.പി ജയരാജന് അടുത്തബന്ധം ; സ്ഥാപന ഉടമയുമായി മന്ത്രി പുത്രന് ബിസിനസ് പങ്കാളിത്തവും | VIDEO

Jaihind News Bureau
Friday, September 4, 2020

 

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ യുഎഎഫ്എക്‌സ് സൊല്യൂഷന്‍സുമായി വ്യവസായ മന്ത്രി  ഇ.പി ജയരാജന് അടുത്ത ബന്ധം.  മന്ത്രിയുടെ  മകൻ ചെയർമാനായ ആയുർവേദ റിസോർട്ടിൽ യുഎഎഫ്എക്‌സ് ഡയറക്‌ടർക്ക് ബിസിനസ് പങ്കാളിത്തം. ബിനീഷ് കോടിയേരിക്കും യുഎഎഫ്എക്സ് സൊല്യൂഷൻസ് ഡയറക്ടർമാരുമായി അടുത്ത സൗഹൃദമുണ്ട്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ബാംഗ്ലൂരിലേക്ക് കടക്കാന്‍ യുഎഎഫ്എക്‌സ് സൊല്യൂഷന്‍സ് സൗകര്യമൊരുക്കിയതായും സംശയമുണ്ട്‌.

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്‍റിന് നൽകിയ മൊഴിയിലാണ് യുഎഎഫ്എക്സിനെ കുറിച്ച് പ്രതിപാദിക്കുന്നത്. തന്‍റെ ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ യുഎഎഫ്എക്സ് ഉൾപ്പെടെയുള്ള കമ്പനികൾ യുഎ ഇ കോണ്‍സുലേറ്റുമായി നടത്തിയ ഇടപാടിൽ ലഭിച്ച കമ്മീഷൻ എന്നായിരുന്നു മൊഴി. ഇതിൽ എൻഫോഴ്‌സ്‌മെന്‍റ് ഉൾപ്പെടെ അന്വേഷണം നടത്തുന്നുണ്ട്.

യുഎഎഫ്എക്‌സ് സൊല്യൂഷൻ ഡയറക്ടർ സുജാതന്‍റെ ഉടമസ്ഥതയിലുള്ള മാർബിൾ വിപണന ശൃംഖലയുടെ ഉദ്ഘാടനത്തില്‍ ഇ.പി. ജയരാജന്‍റെ സാന്നിധ്യമുണ്ട്. ഇ.പി.ജയരാജന് ഇദ്ദേഹത്തിന്‍റെ വ്യവസായ സംരഭങ്ങളില്‍ നിക്ഷേപമുണ്ടെന്നാണ് സി.പി.എം നേതാക്കള്‍ക്കിടയിലെ സംസാരം.  സുജാതന്‍ ഡയറക്ടറായ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ചെയര്‍മാന്‍ ജയരാജന്‍റെ മകന്‍ പുതുശ്ശേരി കോറോത്ത് ജയ്സണ്‍ ആണെന്നത് ഇതിന്‍റെ ഏറ്റവും വലിയ തെളിവാണ്. പാര്‍ട്ടി ശക്തികേന്ദ്രമായ ആന്തൂര്‍ മുനിസിപ്പാലിറ്റിയാലണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. സ്ഥാപനത്തിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പത്തേക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ സ്ഥാപനത്തിന്‍റെ നിര്‍മ്മാണം പരിസ്ഥിതിക്ക് ദോഷം വരുന്ന നിലയില്‍ കുന്നിടിച്ചായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പെടെയുള്ളവർ ഇതിനെതിരെ  പരാതിയുമായി രംഗത്തെത്തിയിരുന്നു.

അതേസമയം യുഎഎഫ്എക്സ് സൊല്യൂഷൻ ഡയറക്ടർമാരായ അരുൺ വര്‍ഗീസ്, ടി അമീർ കണ്ണ് റാവുത്തർ എന്നിവരുമായി  ബിനീഷ് കോടിയേരിക്കും അടുത്തബന്ധം ഉണ്ട്. യുഎഎഫ്എക്സ് സൊല്യൂഷന്‍സില്‍ ഡയറക്ടറല്ലെങ്കിലും  ബിനീഷിന് സ്ഥാപനത്തില്‍ നിക്ഷേപം ഉള്ളതായാണ് എന്‍.ഐ.എയ്ക്ക് ലഭിച്ചിരിക്കുന്ന വിവരം.

കോണ്‍സുലേറ്റ് വഴി നയതന്ത്ര ബാഗേജിന്‍റെ മറവില്‍ നിരവധി തവണ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്നാണ് എന്‍.ഐ.എയ്ക്ക് ലഭിച്ചിരിക്കുന്ന മൊഴി. ഇത്തരത്തില്‍ കൊണ്ടുവരുന്ന ബാഗേജുകള്‍ നേരേ യു.എ.എഫ്.എക്സ് ഓഫീസിലേക്കാണ് കൊണ്ടുപോകുന്നതെന്നാണ് എന്‍.ഐ.എയ്ക്ക് ലഭിച്ചിരിക്കുന്ന വിവരം. പല രൂപത്തിലാണ് സ്വര്‍ണ്ണം ഇത്തരത്തില്‍ കടത്തിയിരുന്നത്. ഏറ്റവും ഒടുവില്‍ കടത്തിയത് വാതില്‍ പിടിയുടെ രൂപത്തിലായിരുന്നു. പലരൂപത്തില്‍ വരുന്ന സ്വര്‍ണ്ണം യു.എ.എഫ്.എക്സ് ഓഫീസില്‍ സൂക്ഷിച്ച ശേഷമാണ് ഉചിതമായ സമയം  നോക്കി വേര്‍തിരിച്ചെടുക്കുന്നതും തിരുവനന്തപുരത്ത് തന്നെയുള്ള പണിശാലയിലേക്ക് കൊണ്ടുപോകുന്നതും അവിടെ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് കടത്തുന്നതും. സന്ദീപ് നായര്‍, സ്വപ്ന എന്നിവര്‍ക്ക് നിര്‍ണ്ണായക സ്വാധീനമായിരുന്നു ഈ സ്ഥാപനത്തിലെന്നാണ് എന്‍.ഐ.എ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.

 

teevandi enkile ennodu para