തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ എം ശിവശങ്കറിന്‍റെ ഫ്ലാറ്റ് ഗൂഢാലോചന കേന്ദ്രമെന്ന സംശയം വർധിപ്പിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്ത്. സ്വര്‍ണക്കടത്ത് നടന്ന ദിവസങ്ങളില്‍ സ്വപ്ന ഏറെ നേരം ചെലവഴിച്ചത് സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്ലാറ്റില്‍ എന്നതിന്‍റെ തെളിവുകളാണ് പുറത്തുവന്നത്. ഫ്ലാറ്റിന്‍റെ ടവര്‍ പരിധിയില്‍ സ്വപ്‌ന ഉണ്ടായിരുന്നുവെന്ന് ഇവരുടെ ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നു.
അഞ്ചാം തീയതി സ്വപ്‌ന ഫ്ലാറ്റില്‍ തന്നെ ഉണ്ടായിരുന്നു എന്ന സൂചനയാണ് പുറത്ത് വന്നിരിക്കുന്നത്. രാവിലെ 9 മുതല്‍ ഉച്ചക്ക് 12.20 വരെ സ്വപ്‌ന ഫ്ലാറ്റിന് സമീപത്തെ ഹില്‍ട്ടണ്‍ ഇന്‍ എന്ന ടവര്‍ പരിധിയിലുണ്ടായിരുന്നു. സന്ദീപും സരിത്തും ഒപ്പമുണ്ടായിരുന്നതായാണ് സൂചന. സെക്രട്ടറിയേറ്റിന് സമീപത്തെ ശിവശങ്കറിന്‍റെ ഫ്ലാറ്റിലാണ് സ്വര്‍ണക്കടത്ത് കേസിലെ ആസൂത്രണം നടന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. പ്രതികള്‍ക്ക് സെക്രട്ടേറിയറ്റിനു സമീപം ഫ്ലാറ്റ് വാടകയ്‌ക്കെടുക്കാന്‍ സഹായിച്ചത് എം. ശിവശങ്കറാണെന്ന വിവരവും നേരത്തെ പുറത്തു വന്നിരുന്നു.