നയതന്ത്ര പാഴ്‌സലിലെ സ്വർണക്കടത്ത് : ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി വിദേശമന്ത്രാലയം

Jaihind News Bureau
Tuesday, August 11, 2020

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി വിദേശമന്ത്രാലയം. വിദേശസംഭാവന സ്വീകരിക്കുക, മതഗ്രന്ഥം വിതരണം ചെയ്യുക തുടങ്ങിയ വിഷയങ്ങളിലും ഉത്തരം ഉണ്ടായില്ല. വിദേശമന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്‍റ് സമിതി യോഗത്തില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരാണ് വിശദീകരണം തേടിയത്. മറുപടി രേഖാമൂലം നല്‍കാന്‍ സമിതി അധ്യക്ഷന്‍ നിര്‍ദ്ദേശം നല്‍കി.

എന്‍.കെ പ്രേമചന്ദ്രനും അല്‍ഫോണ്‍സ് കണ്ണന്താനവുമാണ് വിദേശകാര്യ മന്ത്രാലയ സ്ഥിരം സമിതിയില്‍ കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍. കേരളത്തിലെ സ്വര്‍ണ്ണക്കടത്തില്‍ അന്വേഷണം തുടരുന്നുവെന്ന് മാത്രമാണ് വിദേശമന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ വ്യക്തമാക്കിയത്. നയതന്ത്ര പാഴ്‌സലില്‍ സ്വര്‍ണ്ണം വന്നതിന്‍റെ സാഹചര്യം ആരാഞ്ഞു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്തെ നാണംകെടുത്തുന്ന സംഭവവും ആണ്. മറ്റ് വിമാനത്താവളങ്ങളിലും ഇത് സംഭവിച്ചിട്ടുണ്ടാകുമെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. എന്ത് നടപടിയെടുത്തുവെന്ന ചോദ്യത്തിന് അന്വേഷണം നടക്കുന്നുവെന്ന് മാത്രമാണ് വിദേശമന്ത്രാലയ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. തുടര്‍ന്നാണ് ചെയര്‍മാന്‍ പി.പി ചൗധരി രേഖാമൂലം മറുപടി നല്‍കാന്‍ വിദേശമന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയത്.

വിദേശ രാജ്യം മതഗ്രന്ഥം വിതരണം ചെയ്യാന്‍ നല്‍കിയെന്ന് മന്ത്രി കെ.ടി ജലീല്‍ അവകാശപ്പെട്ടതും ചര്‍ച്ചയായി. എന്നാല്‍ ഈ വിഷയത്തിലും കൃത്യമായ മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. മന്ത്രിക്കെതിരെ എഫ്.ഐ.ആര്‍ എടുക്കുമോ എന്നും അംഗങ്ങള്‍ ചോദിച്ചു. ചില ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത ശിക്ഷയായിരിക്കുമെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വിവാദവും പരാമര്‍ശ വിഷയമായി. റെഡ് ക്രസന്‍റ് ഉള്‍പ്പെടെയുള്ള വിദേശ സന്നദ്ധസംഘടനകളില്‍ നിന്ന് സംഭാവന വാങ്ങുന്നത് സംബന്ധിച്ചാണ് എം.പിമാര്‍ വിശദീകരണം തേടിയത്.