‘സ്വപ്നയെ പരിചയപ്പെടുത്തി, ഒന്നിച്ച് ബാങ്ക് ലോക്കർ തുറക്കണമെന്ന് ആവശ്യപ്പെട്ടു’; ശിവശങ്കറിനെതിരെ ഇ.ഡിക്ക് ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ മൊഴി

 

കൊച്ചി: സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ മൊഴി. സ്വപ്നയെ പരിചയപ്പെടുത്തിയത് ശിവശങ്കറെന്ന് ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാല അയ്യർ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മൊഴി നൽകി. ഇതോടെ ശിവശങ്കർ ഇ.ഡിക്ക് നൽകിയ മൊഴികളിൽ പലതും വസ്തുതാ വിരുദ്ധമാണെന്ന് ബോധ്യപ്പെട്ടു.

സ്വപ്ന സുരേഷുമായി ചേർന്ന് ലോക്കർ തുറക്കണമെന്ന് എം. ശിവശങ്കർ ആവശ്യപ്പെട്ടെന്നും  ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാല അയ്യർ ഇ.ഡിക്ക് മൊഴി നൽകി. സ്വപ്നയെ തന്‍റെ തിരുവനന്തപുരത്തെ ഓഫീസിൽ കൊണ്ട് വന്ന് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ്. തുടർന്ന് താനും സ്വപ്നയും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച കഴിയും വരെ എം. ശിവശങ്കറും ഒപ്പമുണ്ടായിരുന്നു. രണ്ട് മണിക്കൂറോളം ആദ്യ കൂടിക്കാഴ്ച നീണ്ടുനിന്നു. പണത്തോടൊപ്പം പല ഡോക്യുമെന്‍റുകളും ലോക്കറിൽ സ്വപ്ന തന്നതു പ്രകാരം താൻ സൂക്ഷിച്ചിട്ടുണ്ട്. ലോക്കറിൽ നിന്ന് പല തവണ പണം സ്വപ്ന എടുത്തിട്ടുണ്ടെന്നും വേണുഗോപാൽ മൊഴി നൽകി.

നേരഞ്ഞെ കസ്റ്റംസിനും എന്‍ഐഎക്കും നൽകിയതിനേക്കാൾ വിശദമായ മൊഴിയാണ് ചാർട്ടേഡ് അക്കൗണ്ടന്‍റ് ഇ.ഡിക്ക് നൽകിയിട്ടുള്ളത്.  ഒന്നിച്ച് ലോക്കർ തുറക്കാൻ ആവശ്യപ്പെട്ടില്ലെന്നും സ്വപ്നയെ ചാർട്ടേഡ് അക്കൗണ്ടന്‍റിന് പരിചയപ്പെടുത്തിയ ശേഷം മടങ്ങിയെന്നുമായിരുന്നു എം.ശിവശങ്കർ ഇ.ഡിക്ക് 3 തവണയും നൽകിയ മൊഴി. കഴിഞ്ഞ ശനിയാഴ്ച അഞ്ചു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ പറഞ്ഞ കാര്യങ്ങൾ പലതും വസ്തുതാവിരുദ്ധമാണെന്ന് തെളിഞ്ഞതോടെ എൻഫോഴ്സ്മെന്‍റ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും.

 

https://youtu.be/Y7FP3kLlXCw

Comments (0)
Add Comment