സ്വർണ്ണക്കടത്ത് കേസ് : കോണ്‍സുലേറ്റിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ എന്‍.ഐ.എ

Jaihind News Bureau
Friday, September 18, 2020

സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എയുടെ അന്വേഷണം യു.എ.ഇ കോണ്‍സുലേറ്റിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് എന്‍.ഐ.എ കോടതിയെ അറിയിച്ചു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിദേശത്ത് ഉള്‍പ്പടെ അന്വേഷണം നടത്തേണ്ട ആവശ്യമുണ്ട്. വിദേശത്ത് നിന്ന് നയതന്ത്രബാഗില്‍ എത്തിയ ഖുറാന്‍ പുറത്ത് വിതരണം ചെയ്തതില്‍ കോണ്‍സുലേറ്റിനെ എതിര്‍ കക്ഷിയാക്കി കസ്റ്റംസ് കേസെടുത്തതിന് പിന്നാലെയാണ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെക്കുറിച്ച്‌ കൂടി അന്വേഷിക്കണമെന്ന് എന്‍.ഐ.എ നിലപാട് വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ സി ഡാക് പരിശോധിച്ച്‌ വരികയാണെന്നും എന്‍.ഐ.എ കോടതിയില്‍ പറഞ്ഞു.

ഇന്ത്യയിലും വിദേശത്തും വന്‍ സ്വാധീനമുള്ള ആളുകളുള്‍പ്പെട്ട ഗൂഢാലോചന ഇതില്‍ നടന്നിട്ടുണ്ടെന്ന് എന്‍.ഐ.എ അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയാണ് പലപ്പോഴും സ്വര്‍ണം കടത്തിയിട്ടുള്ളത്. ഇത് പലര്‍ക്കായി വിതരണം ചെയ്തിട്ടുണ്ട്. ഇത് രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയെത്തന്നെ ബാധിക്കുന്നതാണ്. ഇതില്‍ നിന്ന് പ്രതികള്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടായിട്ടുണ്ടെന്നും, ഈ കടത്ത് തീവ്രവാദ ഫണ്ടിംഗിന് ഉപയോഗിക്കപ്പെട്ടേക്കാമെന്നും വ്യക്തമായിട്ടുണ്ടെന്ന് എന്‍.ഐ.എ കോടതിയില്‍ വ്യക്തമാക്കി. വിദേശത്ത് നിന്ന് പല തവണയായി വലിയ അളവില്‍ സ്വര്‍ണം വിവിധ വിമാനത്താവളങ്ങളിലൂടെ ഇന്ത്യയിലേക്ക് പ്രതികള്‍ ഗൂഢാലോചന നടത്തി എത്തിച്ചിട്ടുണ്ടെന്നും എന്‍.ഐ.എ പറയുന്നു.

യു.എ.ഇ ഡിപ്ലോമാറ്റിക് ബാഗേജ് ഒരു കവചമായി ഉപയോഗിക്കുക വഴി, യു.എ.ഇ എന്ന രാജ്യവുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധത്തെ തന്നെ തകര്‍ക്കാവുന്ന പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തത്. ഈ പണം ആരിലേക്ക് എങ്ങനെയാണ് എത്തിയിരുന്നതെന്നതടക്കം ഇനിയും അന്വേഷണത്തില്‍ തെളിയേണ്ടതുണ്ട്. ഇത് ആഴത്തില്‍ അന്വേഷിക്കേണ്ടതാണ്. അന്വേഷണം പുരോഗമിക്കുന്നുവെന്നും എന്‍.ഐ.എ കോടതിയില്‍ വ്യക്തമാക്കി.