സ്വർണ്ണക്കടത്ത് കേസ് : സ്വപ്നയെയും ശിവശങ്കറിനെയും ഒരേസമയം ചോദ്യം ചെയ്ത് കസ്റ്റംസ്

തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിർണായക നീക്കവുമായി കസ്റ്റംസ്. കേസിലെ പ്രതികളായ സ്വപ്നാ സുരേഷിനെ ജയിലിൽ വെച്ചും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കൊച്ചി കസ്റ്റംസ് ഓഫീസിലും ചോദ്യം ചെയ്യുന്നു.

ഒരേ സമയത്താണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. ശിവശങ്കറിനെ കസ്റ്റംസ് ഓഫീസിലേക്ക് വിളിപ്പിച്ച ശേഷവും സ്വപ്നയെ ജയിലിലെത്തിയുമാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് ഈന്തപ്പഴം ഇറക്കുമതി ചെയ്ത കേസുമായി ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. തുടര്‍ന്ന് രണ്ടാം ദിവസമാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്. ഇന്നലെ 11 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ശിവശങ്കറിനെ വിട്ടയച്ചത്. കസ്റ്റംസ് നിര്‍ദേശം അനുസരിച്ച്‌ ഇന്ന് രാവിലെ പത്തരയോടെ ശിവശങ്കര്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തിന് സമാനമായി കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.

ഈന്തപ്പഴക്കം ഇറക്കുമതി ചെയ്ത സംഭവത്തിന് പുറമെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങളും ശിവശങ്കറില്‍ നിന്ന് കസ്റ്റംസ് ചോദിച്ചറിഞ്ഞിരുന്നതായാണ് വിവരം. സ്വപ്നാ സുരേഷും ശിവശങ്കറും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ കസ്റ്റംസ് അന്വേഷണം നടത്തിവരുന്നുണ്ട്. സ്വപ്നയുടെ പേരിലുള്ള പണവും സ്വര്‍ണ്ണവും കണ്ടെടുത്ത ബാങ്ക് ലോക്കര്‍ ശിവശങ്കറിന്‍റെ ചാര്‍ട്ടേഡ് അക്കൌണ്ടന്‍റിന്‍റെയും സ്വപ്നയുടെയും പേരിലുള്ളതായിരുന്നു. ഇത് ശിവശങ്കറിന്‍റെ നിര്‍ദേശം അനുസരിച്ചാണ് തുടങ്ങിയതെന്ന് നേരത്തെ ചാര്‍ട്ടേഡ് അക്കൌണ്ട് മൊഴി നല്‍കിയിരുന്നു. കൂടാതെ കേസിലെ നാലാം പ്രതി സന്ദീപിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ വിയ്യൂർ ജയിലിലും ചോദ്യം ചെയ്തു.

Comments (0)
Add Comment