സ്വർണ്ണക്കടത്തില്‍ ശിവശങ്കറിനെ കയ്യൊഴിഞ്ഞ് സര്‍ക്കാരിനെ പിന്തുണയ്ക്കണം; എംഎല്‍എമാർക്ക് സിപിഎം നിർദേശം

Jaihind News Bureau
Friday, August 21, 2020

 

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ പൂർണമായി കയ്യൊഴിഞ്ഞ് മുഖം രക്ഷിക്കാന്‍ സിപിഎം നീക്കം. സിപിഎം പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് നിര്‍ദേശം. ശിവശങ്കറിനെ കയ്യൊഴിഞ്ഞ് സര്‍ക്കാരിനെ പിന്തുണയ്ക്കാനാണ് എംഎല്‍എമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വർണ്ണക്കടത്തിന് പിന്നാലെ ലൈഫ് മിഷന്‍ പദ്ധതിയിലും സർക്കാരിനും പാർട്ടിക്കും നാണക്കേടും തിരിച്ചടിയുമായതായി സി.പി.എം വിലയിരുത്തുന്നു.

യൂണിടാക് നാലരക്കോടിയോളം രൂപയാണ് ലൈഫ് മിഷനിൽ കമ്മീഷൻ നൽകിയത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെയും സർക്കാരിന്‍റേയും വിശദീകരണം പാളിയതായാണ് വിലയരുത്തൽ. മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നേതാക്കളുടെ വിശദീകരണം പൊതുസമൂഹം മുഖവിലയ്ക്കടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ പഴിചാരി മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ പാർട്ടി നീക്കം നടത്തുന്നത്. ശിവശങ്കറിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള മന്ത്രിമാരുടെയും എൽ.ഡി.എഫ് കൺവീനറുടെയും പ്രസ്താവനകളും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്. ശിവശങ്കറിനെ അറസ്റ്റ് ചെയ്താൽ അത് സർക്കാരിനും മുഖ്യമന്ത്രിക്കും തിരിച്ചടി ഉണ്ടാകും. ഇതിന്‍റെ  ജാള്യത മറയ്ക്കാനാണ് ശിവശങ്കറിനെ മുൻകൂട്ടി പ്രതിക്കൂട്ടിലാക്കി ഉദ്യോഗസ്ഥരെ  മാത്രം കുറ്റപ്പെടുത്തി പാപക്കറ കഴുകി കളയാനുള്ള സി.പി.എം നീക്കം.

എന്നാൽ ഇക്കാര്യത്തിൽ സി.പി.എമ്മിൽ തന്നെ ഭിന്നത ഉണ്ട്. രാഷ്ട്രീയ ഭരണ നേത്യത്വവും അറിയാതെ ഉദ്യോഗസ്ഥരാണ് കാര്യങ്ങൾ തീരുമാനിച്ചതെന്ന് വ്യക്തമാകുമ്പോള്‍ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ കഴിവ് കെട്ടവരാണന്ന് തുറന്ന് സമ്മതിക്കേണ്ടി വരും. ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് സി.പി.എം നേതൃത്വം.  തദ്ദേശ തെരഞ്ഞടുപ്പിൽ പാർട്ടിക്ക് ഇത് തിരിച്ചടിയാകുണന്ന് ആശങ്കയും നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെ പ്രതിരോധിച്ച് നവമാധ്യമങ്ങളില്‍ രംഗത്തിറങ്ങാനും എംഎല്‍എമാര്‍ക്ക് സിപിഎം നിര്‍ദേശം നല്‍കി. സിപിഎം പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് നിര്‍ദേശം.