സ്വര്‍ണ്ണക്കടത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കസ്റ്റംസ് ; കോണ്‍സല്‍ ജനറലിന് മന്ത്രിമാരുമായി വഴിവിട്ട ബന്ധം

Jaihind Webdesk
Monday, June 21, 2021

കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ 53 പേര്‍ക്ക് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ്. കുറ്റപത്രം നല്‍കുന്നതിന് മുന്നോടിയായാണ് നടപടി. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെയും ഗുരുതര ആരോപണങ്ങള്‍ നോട്ടീസിൽ ഉന്നയിച്ചിട്ടുണ്ട്.

യു.എ.ഇ കോണ്‍സല്‍ ജനറലിന് വഴിവിട്ട് എസ് കാറ്റഗറി സുരക്ഷ നല്‍കി. ഇതുവഴി പരിശോധന കൂടാതെ വിമാനത്താവളം വഴി വരികയും പോവുകയും ചെയ്തുവെന്നാണ് നോട്ടീസിലെ ആരോപണം. ഈ സുരക്ഷാ സൗകര്യം കള്ളക്കടത്തിന് വേണ്ടി മുതലെടുത്തുവെന്നും കോണ്‍സുലേറ്റിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് വഴിവിട്ട് നയതന്ത്ര പാസ് നല്‍കിയെന്നും ആരോപിക്കുന്നുണ്ട്. ഇതിനെല്ലാം ഇടനില നിന്നത് കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷാണെന്നും മൂന്നുതരം കള്ളക്കടത്ത് നടന്നെന്നും കസ്റ്റംസ് നോട്ടീസിൽ വ്യക്തമാക്കുന്നു.

സ്വപ്നയും സരിത്തും സന്ദീപും നടത്തിയ കള്ളക്കടത്താണ് ഒന്ന്. കോണ്‍സല്‍ ജനറല്‍ നടത്തിയ കള്ളക്കടത്താണ് രണ്ടാമത്തേത്. അനധികൃത ഡോളര്‍ വിദേശത്തേക്ക് കൊണ്ടുപോയതാണ് മൂന്നാമത്തേത്. വിദേശത്തേക്ക് കൊണ്ടുപോയ ഡോളര്‍ സംസ്ഥാനത്തെ ഉന്നതതലത്തിലെ പലരുടെയും പണമാണെന്നും കസ്റ്റംസ് കുറ്റപ്പെടുത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വഴിവിട്ട നീക്കങ്ങള്‍ കോണ്‍സുല്‍ ജനറലിനും കള്ളക്കടത്ത് സംഘത്തിനും തുണയായെന്നും കള്ളക്കടത്ത് സംഘത്തിന് മന്ത്രിമാര്‍ അടക്കമുളളവരുമായി ബന്ധമെന്നും നോട്ടീസില്‍ ആരോപിക്കുന്നുണ്ട്.

മന്ത്രിമാരടക്കമുള്ളവരുമായി നേരിട്ട് ബന്ധമുണ്ടാക്കണമെന്ന് കോണ്‍സല്‍ ജനറല്‍ സ്വപ്നയും സരിത്തും അടക്കമുള്ള പ്രതികളോട് ആവശ്യപ്പെട്ടു. മന്ത്രിമാരടക്കമുളളവര്‍ പ്രോട്ടോകോള്‍ ലംഘിച്ച്‌ കോണ്‍സുലേറ്റുമായി ഇടപെട്ടു. പ്രോട്ടോകോള്‍ ഓഫീസർ അടക്കമുള്ളവർ ഇതൊന്നും അറിഞ്ഞിരുന്നില്ല. ഗുരുതരമായ ചട്ടലംഘനം സര്‍ക്കാരിലെ ഉന്നത പദവികള്‍ വഹിക്കുന്നവരില്‍ നിന്നുണ്ടായെന്നും കസ്റ്റംസ് നോട്ടീസില്‍ പറയുന്നു. കസ്റ്റംസ് സംഘം കണ്ടെത്തിയ വിവരങ്ങൾ കഴിഞ്ഞ സർക്കാറിനെതിരെ ഉയർന്ന ആരോപണങ്ങൾ ശരിവെക്കുന്നതായി മാറിയിരിക്കുകയാണ് ഇപ്പോൾ.