കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തിന്‍റെ മുഖ്യകണ്ണി അര്‍ജുന്‍ ആയങ്കിയെന്ന് കസ്റ്റംസ് ; കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

Jaihind Webdesk
Friday, June 25, 2021

കൊച്ചി : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യകണ്ണി അര്‍ജുന്‍ ആയങ്കിയെന്ന് കസ്റ്റംസ്. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ കസ്റ്റംസ് റിപ്പോര്‍ട്ട് നല്‍കി. മുഹമ്മദ് ഷഫീഖിനെ കസ്റ്റഡിയിൽ വേണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു. ചോദ്യംചെയ്യലിനായി തിങ്കളാഴ്ച രാവിലെ 10.30ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ച് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നോട്ടീസ് നല്‍കിയിട്ടുണ്ട്.

അതിനിടെ, കരിപ്പൂർ സ്വർണ്ണക്കടത്തിന് പദ്ധതിയിടുന്ന ശബ്ദരേഖ പുറത്തുവന്നു. സംഭാഷണത്തില്‍ നിന്നും സിപിഎം പ്രവര്‍ത്തകന്‍ അര്‍ജുന്‍ ആയങ്കിയുടെ പങ്ക് വ്യക്തമാണ്. സ്വര്‍ണം കടത്തേണ്ടരീതിയും കൈമാറേണ്ടതാര്‍ക്കെന്നും ശബ്ദരേഖയില്‍ വിശദീകരിക്കുന്നു. സ്വര്‍ണ്ണക്കടത്തിനായി രൂപീകരിച്ച വാട്‌സ്ആപ് ഗ്രൂപ്പിലെ സംഭാഷണമാണ് പുറത്തുവന്നത്.

കേസുമായി ബന്ധപ്പെട്ട അർജുൻ ആയങ്കിയുടെതെന്ന് സംശയിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നു. ഭീഷണിപ്പെടുത്തുന്ന സംഭാഷണങ്ങളാണ് ശബ്ദരേഖയിലുള്ളത്. കബളിപ്പിച്ചാൽ ജീവിക്കാനനുവദിക്കില്ല. നാട്ടിൽ കാലുകുത്താൻ അനുവദിക്കില്ല എന്നിങ്ങനെയാണ് ഭീഷണി.

മാഹിയിലേയും പാനൂരിലേയും പാർട്ടിക്കാർ തനിക്ക് പിറകിലുണ്ടെന്നും അർജുന്‍ പറയുന്നു. നാട്ടിൽ കാലുകുത്താൻ അനുവദിക്കില്ല, നിന്നെ കൊണ്ട് തീറ്റിക്കില്ലെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. രണ്ടു മണിക്കൂർ വിമാനത്താവളത്തിൽ കാത്തു നിന്നിട്ടും പറ്റിച്ചു എന്ന പരാമര്‍ശവും ശബ്ദരേഖയിലുണ്ട്. എന്നാല്‍ ഇത് അർജുനിന്റെ ശബ്ദമാണെന്ന് പൊലീസും കസ്റ്റംസും സ്ഥിരീകരിച്ചില്ല. ആരോടൊക്കെയാണ് സംസാരിച്ചതെന്നും വ്യക്തമല്ല.