തിരുവനന്തപുരം വിമാനത്താവളത്തില്‍ 30കിലോയുടെ സ്വർണവേട്ട : ബാഗേജ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍റെ ഇടപെടല്‍

Jaihind News Bureau
Sunday, July 5, 2020

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണവേട്ടയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടല്‍. ഗള്‍ഫില്‍ നിന്ന് കാർഗോ വഴി പാഴ്‌സലായി എത്തിയ സ്വർണം വിട്ടുനല്‍കാന്‍ ഇടപെട്ടത് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള ഉന്നതന്‍. ഇയാളുടെ പങ്ക് സംബന്ധിച്ചും കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുഎഇ കോൺസുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിനുള്ളിലായിരുന്നു സ്വർണ്ണം ഒളിപ്പിച്ച് വെച്ചത്. സംസ്ഥാനത്ത് ഇതിനകം നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സ്വർണ്ണ വേട്ടയാണ് തിരുവനന്തപുരത്ത് നടന്നിട്ടുള്ളത്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ ഡിപ്ലോമാറ്റിക് ബാഗേജിനുള്ളിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തിയ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് ദിവസം മുമ്പ് ദുബായിൽ നിന്നെത്തിയ കാർഗോയിലാണ് സ്വർണ്ണമെത്തിയത്. 

മുമ്പും ഇത്തരത്തില്‍ സ്വർണം കടത്തിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.  അന്നും രക്ഷാകവചം തീര്‍ത്തത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇതേ ഉന്നതനാണ്. സി.പി.എമ്മിലെ ഉന്നതരും വിഷയത്തില്‍ ഇടപെട്ടതായാണ് വിവരം.  ഇതിനിടെ ബി.ജെ.പി നേതാക്കളെ ഇടപെടുത്തി കേസ് ഒതുക്കാനുള്ള ശ്രമവും ഊർജിതമാക്കിയിട്ടുണ്ട്. കോണ്‍സുലേറ്റ് വഴിയാണ് വന്നത് എന്നതും ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്.

യു.എ.ഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്സലില്‍ 30 കിലോ സ്വർണമുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്. സ്വർണ്ണക്കടത്ത് പുറത്തായതോടെ പാഴ്സൽ അയച്ച ആളെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ മണക്കാടാണ് യുഎഇ കോൺസുലേറ്റ് സ്ഥിതി ചെയ്യുന്നത്. പ്രാഥമിക വിവരം അനുസരിച്ച് ഇവിടേക്ക് വന്ന പാഴ്സലിലാണ് 30 കിലോ വരുന്ന കോടികൾ വിലമതിക്കുന്ന സ്വർണ്ണം ഒളിപ്പിച്ച് കടത്തിയിട്ടുള്ളത്. എയർകാർഗോയിലെത്തിയ സ്വർണ്ണം കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ച് വരികയാണ്. എന്നാൽ അധികൃതർ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ തയ്യാറായിട്ടില്ല.