അമിത് ഷായ്ക്കെതിരെ കൊല്‍ക്കത്തയില്‍ ഗോബാക്ക് വിളി ; ദുരൂഹതയുണർത്തി റാലിയില്‍ തോക്കുമായി ബി.ജെ.പി അനുകൂലി

Jaihind News Bureau
Sunday, March 1, 2020

കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ ഏകദിന സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര  ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ഗോബാക്ക് വിളികളുമായി പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകർ. ഇടത് പ്രവർത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് അമിത് ഷായ്‌ക്കെതിരെ മുദ്രാവാക്യം വിളികളുമായി എത്തിയത്. അമിത് ഷാ വിമാനമിറങ്ങിയ നേതാജി സുബാഷ് ചന്ദ്ര ബോസ് വിമാനത്താവളത്തിന് പുറത്തും പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായി. ഗോ ബാക്ക് വിളിച്ചത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.

അതേസമയം ഷാഹിദ് മിനാറില്‍ അമിത്ഷാ പങ്കെടുത്ത റാലിയില്‍ തോക്കുമായെത്തിയ മുന്‍ പട്ടാളക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അരയില്‍ തോക്ക് തിരുകിയെത്തിയ ജാദു നന്ദിയെന്ന ഇയാള്‍ ബി.ജെ.പി അനുകൂലിയാണെന്ന് പറഞ്ഞതായി പൊലീസ് അറിയിച്ചു. സുരക്ഷാ പരിശോധനക്കിടെ ബി.ജെ.പി പ്രവര്‍ത്തകരുടെ വരിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെങ്കിലും തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സ് ഇയാള്‍ ഹാജരാക്കിയതോടെ പൊലീസ് പിന്നീടിയാളെ വിട്ടയച്ചു.