
ഗോവയില്‍ നിശാ ക്ലബ്ബില്‍ വന്‍ തീപിടിത്തം. നോര്‍ത്ത് ഗോവയിലെ അര്‍പോറയിലെ നിശാക്ലബ്ബില്‍ ശനിയാഴ്ച അര്‍ദ്ധരാത്രിയോട് കൂടി വന്‍ അഗ്‌നിബാധയുണ്ടായത്. സംഭവത്തില്‍ 23 പേര്‍ മരണപ്പെട്ടു. ബാഗയിലെ ‘ബിര്‍ച്ച് ബൈ റോമിയോ ലേന്‍’ എന്ന ക്ലബ്ബിലാണ് ദാരുണമായ സംഭവം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരില്‍ ഏറെയും ക്ലബ്ബിലെ ജീവനക്കാര്‍ ആണെന്നാണ് പുറത്തുവരുന്ന വിവരം.
തീ ആദ്യം പടര്‍ന്നത് ക്ലബ്ബിന്റെ താഴത്തെ നിലയിലെ അടുക്കളയിലും പരിസരങ്ങളിലുമാണ്. മൃതദേഹങ്ങളില്‍ ഭൂരിഭാഗവും അടുക്കള പരിസരത്തുനിന്നാണ് കണ്ടെത്തിയത്. ഇത്, മരണപ്പെട്ടവരെല്ലാം ക്ലബ്ബിലെ ജീവനക്കാരാണ് എന്ന പോലീസ് നിഗമനത്തിന് ആക്കം കൂട്ടുന്നു. അപകടത്തില്‍ ഇതുവരെ 23 പേര്‍ മരിച്ചതായി ഗോവ പോലീസ് മേധാവി അലോക് കുമാര്‍ സ്ഥിരീകരിച്ചു.
അപകടവിവരമറിഞ്ഞ ഉടന്‍ തന്നെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും എം.എല്‍.എ മൈക്കിള്‍ ലോബോയും ഉള്‍പ്പെടെയുള്ള ഉന്നതതല സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഡി.ജി.പിയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍നടപടികള്‍ക്കും നേതൃത്വം നല്‍കി. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനും ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്താനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.