ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

51-ആമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും. വൈകീട്ട് കലാ അക്കാദമയിലാണ് ഉദ്ഘാടനം. വിശ്വവിഖ്യാത സംവിധായകന്‍ സത്യജിത്ത് റേയുടെ ജന്മശദാബ്ദി പ്രമാണിച്ച് ഇത്തവണത്തെ മേള അദ്ദേഹത്തിനുള്ള സമര്‍പ്പണമാക്കാനാണ് തീരുമാനം.

കൊവിഡ് പശ്ചാത്തലത്തില്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഹൈബ്രിഡ് രീതിയിലാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. 2500 ഡെലിഗേറ്റുകള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. അല്ലാത്തവര്‍ക്ക് ഓണ്‍ലൈനായി സിനിമ കാണാം.
ആകെ 224 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. മത്സരവിഭാഗത്തില്‍ 15 ചിത്രങ്ങളും പനോരമ വിഭാഗത്തില്‍ 23 ഫീച്ചര്‍ സിനിമകളും 20 നോണ്‍ ഫീച്ചര്‍ സിനിമകളുമാണ് ഇത്തവണ ഉള്ളത്. മത്സരവിഭാഗത്തില്‍ ഇത്തവണ മലയാള ചിത്രങ്ങളില്ല. എന്നാല്‍ പനോരമ വിഭാഗത്തില്‍ മലയാളത്തില്‍നിന്ന് അഞ്ച് ഫീച്ചര്‍ ചിത്രങ്ങളും ഒരു നോണ്‍ ഫീച്ചര്‍ ചിത്രവും ഇടം പിടിച്ചിട്ടുണ്ട്.

അര്‍ജന്‍റീനിയന്‍ സംവിധായകന്‍ പാബ്ലോ സെസാറാണ് അന്താരാഷ്ട്ര ചിത്രങ്ങളുടെ ജൂറി അധ്യക്ഷന്‍. പ്രിയദര്‍ശന്‍, പ്രസന്ന വിതനഗെ (ശ്രീലങ്ക), അബൂബക്കര്‍ ഷോകി (ഓസ്ട്രിയ), റുബയ്യാത്ത് ഹുസൈന്‍(ബംഗ്ലദേശ്) എന്നിവരും ജൂറി അംഗങ്ങളാണ്.

മത്സരവിഭാഗത്തിലുള്ള മികച്ച ചിത്രത്തിന് സുവര്‍ണമയൂര പുരസ്‌കാരം ലഭിക്കും. 40 ലക്ഷവും പ്രശസ്തിപത്രവും ഇതോടൊപ്പം നല്‍കും. മികച്ച സംവിധായകന് രജതമയൂര പുരസ്‌കാരം ലഭിക്കും. 15 ലക്ഷം രൂപയാണ് സമ്മാനത്തുക.

എസ്.പി. ബാലസുബ്രഹ്മണ്യം, സൗമിത്ര ചാറ്റര്‍ജി, ഇര്‍ഫാന്‍ ഖാന്‍, ഋഷി കപൂര്‍, ചാഡ്‌വിക് ബോസ്മാന്‍ തുടങ്ങി ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും മണ്‍മറഞ്ഞ ചലച്ചിത്ര പ്രതിഭകള്‍ക്ക് മേളയില്‍ ആദരം അര്‍പ്പിക്കും.

Comments (0)
Add Comment