ഗോവയില്‍ ബിജെപിക്ക് തിരിച്ചടി; കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്

Jaihind Webdesk
Monday, January 10, 2022

പനജി : നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി നില്‍ക്കെ ബിജെപിക്ക് കനത്ത തിരിച്ചടിയായി കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്.  യുവമോര്‍ച്ച ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഗജാനന്‍ ടില്‍വേ ഉള്‍പ്പെടെയുള്ളവർ  കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. ബിജെപിക്ക് മൂല്യങ്ങളില്ലെന്നും അധികാരം പിടിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും ഗജാനന്‍ ടില്‍വേ പറഞ്ഞു.

ഗജാനന്‍ ടില്‍വേയ്ക്ക് പുറമെ സങ്കേത് പര്‍സേക്കര്‍, അമിത് നായിക്, സിയോണ്‍ ഡയസ്, ബേസില്‍ ബ്രാഗന്‍സ, നിലേഷ് ധര്‍ഗാല്‍ക്കര്‍, വിനയ് വൈഗങ്കര്‍, ഓം ചോദ്കര്‍, പ്രതീക് നായിക്, നീലകാന്ത് നായിക് എന്നീ നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്ത്, ഗോവയുടെ ചുമതലയുള്ള ദിനേശ് ഗുണ്ടറാവു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ. വരദ് മര്‍ഗോല്‍ക്കര്‍ തുടങ്ങിയ നേതാക്കള്‍ ഗജാനന്‍ ടില്‍വേ ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

ഗോവ ശാസ്ത്ര സാങ്കേതിക വകുപ്പ്‌ മന്ത്രി മൈക്കല്‍ ലോബോ കഴിഞ്ഞ ദിവസം ബിജെപിയില്‍ നിന്ന് രാജി വെച്ചിരുന്നു. മൂന്ന് എംഎല്‍എമാർ രാജിവെച്ചതോടെ ബിജെപിയുടെ നിയമസഭാ അംഗബലം 24 ആയി. ലോബോയും കോണ്‍ഗ്രസില്‍ ചേർന്നേക്കുമെന്നാണ് സൂചന. സ്വതന്ത്ര എംഎല്‍എ പ്രസാദ് ഗോണ്‍കറും കഴിഞ്ഞ ദിവസം  കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്.