‘ഗോ എയര്‍’ വിമാനക്കമ്പനിയുടെ ദുബായ്-കണ്ണൂര്‍ പ്രതിദിന സര്‍വീസ് ജൂലൈ 26 മുതല്‍

B.S. Shiju
Wednesday, July 24, 2019

ദുബായ് : ഇന്ത്യന്‍ വിമാനക്കമ്പനിയായ ഗോ എയര്‍ ദുബായില്‍ നിന്നും കണ്ണൂരിലേക്ക് ജൂലൈ 26 വെള്ളിയാഴ്ച മുതല്‍ പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. ദുബായ് കേന്ദ്രമായ അല്‍ നബൂദ ഗ്രൂപ്പിന് കീഴിലെ അല്‍ നബൂദ ട്രാവല്‍ ആന്‍ഡ് ടൂറിസവുമായി ചേര്‍ന്നാണ് ഈ നേരിട്ടുള്ള സര്‍വീസ്. 335 ദിര്‍ഹം മുതല്‍ക്കുളള ആകര്‍ഷകമായ നിരക്കിലാണ് ടിക്കറ്റ് വില.

ദുബായ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ ഒന്നില്‍ നിന്നാണ് ഗോ എയറിന്‍റെ സേവനം ആരംഭിക്കുന്നത്. 335 ദിര്‍ഹം മുതലുളള ആകര്‍ഷകമായ നിരക്കിലാണ് സര്‍വീസ്. രണ്ട് ഭാഗങ്ങളിലേക്കും സൗകര്യപ്രദമായ സമയങ്ങളിലാണ് സര്‍വീസ് എന്ന് ഗോ എയര്‍ വിമാനക്കമ്പനി ഇന്‍റര്‍നാഷണല്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്‍റ് അരുണ്‍ ദാസ് ഗുപ്ത പറഞ്ഞു. അതേസമയം മറ്റ് ബജറ്റ് വിമാനക്കമ്പനികളിലെ പോലെതന്നെ സീസണ്‍ സമയത്ത് ഗോ എയറിലും ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധന കാണുമോ എന്ന ചോദ്യത്തോട് അത് ടിക്കറ്റിന്‍റെ ലഭ്യതയും ആ സമയത്തെ ഡിമാന്‍റും അനുസരിച്ചായിരിക്കുമെന്ന് ഗുപ്ത ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിച്ചു.

വൈകാതെ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടി സര്‍വീസ് നടത്താന്‍ പദ്ധതിയുണ്ടെന്ന് ഇന്‍റര്‍നാഷണല്‍ ഓപ്പറേഷന്‍സ് സീനിയര്‍ ജനറല്‍ മാനേജറായ മലയാളി ജലീല്‍ ഖാലിദ് പറഞ്ഞു. വടക്കന്‍ കേരളത്തിലെ വിനോദ സഞ്ചാര വാണിജ്യ കേന്ദ്രമായ കണ്ണൂരിനെ ദുബായിയുമായി ബന്ധപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ 100 ദശലക്ഷം യാത്രക്കാര്‍ എന്ന എണ്ണം കൈവരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. അല്‍ നബൂദ ട്രാവല്‍ ആന്‍ഡ് ടൂറിസം ഏജന്‍സി സി.ഇ.ഒ നാസിര്‍ ജമാല്‍ ഖാന്‍ ഗോ എയര്‍ കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്‍റ് ബാകുല്‍ ഗാല എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

ഈയിടെ ഗോ എയര്‍ അതിന്‍റെ 51-ാ മത് എയര്‍ക്രാഫ്റ്റ് സ്വന്തമാക്കി. അതിവേഗം വളര്‍ച്ചയിലേക്ക് കുതിക്കുന്ന എയര്‍ലൈന്‍ ഓരോ മാസവും ഒരു എയര്‍ക്രാഫ്റ്റ് വീതം ഈ നിരയിലേക്ക് കൂട്ടിച്ചേര്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഇതിലൂടെ കൂടുതല്‍ വിമാനങ്ങളും കൂടുതല്‍ സെക്ടറുകളിലേക്ക് സര്‍വീസുകളും യാത്രക്കാര്‍ക്ക് കൂടുതല്‍ മികച്ചത് തെരഞ്ഞെടുക്കാനുളള അവസരവും യാഥാര്‍ത്ഥ്യമാകുകയാണ്. വിമാനക്കമ്പനി സ്ഥാപിതമായത് മുതല്‍ ഇതുവരെ 73.3 ദശലക്ഷം യാത്രക്കാര്‍ ഗോ എയറിലൂടെ യാത്ര ചെയ്തു.