വരാനിരിക്കുന്ന അഞ്ചു വർഷം ലോകം കൊടുചൂടിലേക്കാണു നീങ്ങുന്നതെന്ന് വേൾഡ് മീറ്റിയറോളജിക്കൽ ഓർഗനൈസേഷന്റെ റിപ്പോർട്ട്. 2019 മുതൽ 2023 വരെയുള്ള കാലയളവിലായിരിക്കും ചൂടിന്റെ കാഠിന്യം കൂടുക. കാഠിന്യമേറിയ ചൂട് അനുഭവപ്പെട്ട വർഷങ്ങളിൽ 2018നു നാലാം സ്ഥാനമാണെന്നും ലോകത്ത് ഏറ്റവുമധികം ചൂട് അനുഭവപ്പെട്ട 20 വർഷങ്ങളും ഇക്കഴിഞ്ഞ 22 വർഷത്തിനിടെയാണുണ്ടായതെന്നും ഡബ്ല്യുഎംഒയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.
ലോകത്തു കഴിഞ്ഞ വർഷമുണ്ടായ കാലാവസ്ഥാ ദുരന്തങ്ങളുടെ പട്ടികയിൽ കേരളത്തിലെ വെള്ളപ്പൊക്കത്തെ ഉൾപ്പെടുത്തി 2018 നവംബറിൽ റിപ്പോർട്ട് പുറത്തിറക്കിയതിനു ശേഷമുള്ള ഡബ്ല്യുഎംഒയുടെ പ്രധാന പഠനങ്ങളിലൊന്നായിരുന്നു ഇത്. കാലിഫോർണിയ, ഗ്രീസ് എന്നിവിടങ്ങളിലെ കാട്ടുതീ, ദക്ഷിണാഫ്രിക്കയിലെ വരൾച്ച തുടങ്ങിയവയും അന്നു പട്ടികയിൽപ്പെട്ടിരുന്നു. അപ്രതീക്ഷിതവും അസ്വാഭാവികവും പ്രവചനാതീതവും കാലംതെറ്റിയുമുള്ള കാലാവസ്ഥാ പ്രശ്‌നങ്ങളുടെ പട്ടികയാണ് തയാറാക്കിയത്. മുൻവർഷങ്ങളെ അപേക്ഷിച്ചുണ്ടായ ദുരന്തസമാനമായ കാലാവസ്ഥാ പ്രശ്‌നങ്ങളും പട്ടികയിൽ ഇടംപിടിച്ചു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ റിപ്പോർട്ട്.
പല രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥയെയും ആവാസവ്യവസ്ഥയെയും വരെ തകിടം മറിക്കുന്ന വിധമായിരുന്നു 2018ലെ കാലാവസ്ഥാ ദുരന്തങ്ങൾ. ലക്ഷക്കണക്കിനു പേരെയാണ് ഇതു ബാധിച്ചത്. ലോകത്തു ചൂടേറുന്നത് അപ്രതീക്ഷിതമായുണ്ടായ കാര്യമല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഭൂമിക്കു ഭീഷണിയാകും വിധം താപനിലയിൽ വൻവർധനവാണ് വരുംവർഷങ്ങളിലുണ്ടാവുക. ഇക്കാര്യത്തിൽ വിവിധ രാജ്യങ്ങൾ ഭരണതലത്തിൽ തന്നെ നിർണായക തീരുമാനങ്ങളെടുക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. കാലാവസ്ഥയുടെ കാര്യത്തിൽ മികച്ച പദ്ധതികൾ അടിയന്തരമായി നടപ്പാക്കേണ്ട സമയമായെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും റിപ്പോർട്ടിന്മേലുള്ള പ്രതികരണമായി ട്വീറ്റ് ചെയ്തു.
യുഎസ്, ബ്രിട്ടിഷ്, യൂറോപ്യൻ, ജാപ്പനീസ് കാലാവസ്ഥാ ഏജൻസികളിൽ നിന്നുള്ള വിവരം ക്രോഡീകരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. ആഗോളതാപനത്തിന്റെ ഭീഷണിയെത്തുടർന്ന് രൂപം കൊടുത്ത പാരിസ് ഉടമ്പടിയും ഫലപ്രദമായില്ലെന്നാണു വിലയിരുത്തൽ.