കോൺഗ്രസ് പ്രവർത്തക സമിതി യോഗം: മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമെന്ന് ഗുലാം നബി ആസാദ്

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കള്‍ക്ക് പിന്നില്‍ ബി.ജെ.പിയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. മാധ്യമ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ നടത്തിയ ട്വീറ്റ് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ പിന്‍വലിക്കുകയും ചെയ്തു.

ഇടക്കാല അധ്യക്ഷ പദത്തില്‍ സോണിയ ഗാന്ധി ആഗസ്റ്റ് 10-ന് ഒരു വര്‍ഷം പുര്‍ത്തിയാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് 23 നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്ത് നല്‍കി. പ്രവര്‍ത്തക സമിതി യോഗത്തില്‍ ഈ കത്ത് വലിയ ചര്‍ച്ചാവിഷയമായെന്നും രാഹുല്‍ ഗാന്ധി 23 നേതാക്കള്‍ക്കുമെതിരെ രംഗത്ത് വന്നു എന്നുമായിരുന്നു ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത. കത്തയച്ചവര്‍ക്ക് പിന്നില്‍ ബി.ജെ.പിയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു എന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശവും രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല എന്ന് പ്രവര്‍ത്തക സമിതിയില്‍ പങ്കെടുത്ത നേതാക്കള്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി പ്രവര്‍ത്തക സമിതി യോഗത്തില്‍ പറയപ്പെടുന്നതുപോലെ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് ഗുലാം നബി ആസാദ് വിശദീകരിച്ചു. രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് താന്‍ രാജിവയ്ക്കുമെന്നതരത്തില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഗുലാം നബി ആസാദ് ട്വീറ്റ് ചെയ്തു. പ്രവര്‍ത്തക സമിതിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് എ.ഐ.സി.സി മാധ്യമ വിഭാഗം തലവന്‍ രണ്‍ദീപ് സിങ് സുര്‍ജെവാല അഭിപ്രായപ്പെട്ടു. വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ നടത്തിയ ട്വീറ്റ് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ പിന്‍വലിക്കുകയും ചെയ്തു. വാര്‍ത്തകളില്‍ വന്നതുപോലുള്ള ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് രാഹുല്‍ഗാന്ധി നേരിട്ട് വ്യക്തമാക്കിയെന്നും ഈ സാഹചര്യത്തിലാണ് താന്‍ ട്വിറ്റ് പിന്‍വലിക്കുന്നതെന്നും സിബല്‍ വിശദീകരിച്ചു.

Comments (0)
Add Comment