ഗൗരി ലങ്കേഷ് വധക്കേസ്; പ്രതിക്ക് ജാമ്യം അനുവദിച്ചതില്‍ സുപ്രീം കോടതി നോട്ടീസ്

Jaihind Webdesk
Wednesday, January 17, 2024

 

ബംഗളുരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച കർണ്ണാടക ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സഹോദരി സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. പ്രതികളിലൊരാളായ മോഹൻ നായകിന് ജാമ്യം അനുവദിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരി കവിതാ ലങ്കേഷ് സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ്.

വിചാരണ അകാരണമായി നീളുകയാണെന്നും 5 വർഷത്തിലേറെയായി തടവിലാണെന്നും ചൂണ്ടിക്കാട്ടി കേസിലെ 11–ാം പ്രതിയായ മോഹൻ നായക് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഡിസംബർ 7-ന് ജാമ്യം അനുവദിച്ചത്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കവിത ഹർജി നല്‍കിയത്. ഇതിലാണ് സുപ്രീം കോടതി മോഹൻ നായകിന് നോട്ടീസ് അയച്ചത്.

2017 സെപ്റ്റംബർ 5-ന് രാജരാജേശ്വരി നഗറിലെ വസതിക്കു മുന്നിലാണ് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. മുഖ്യ ആസൂത്രകനായ അമോൽ കാലെ, രണ്ടാം പ്രതിയും കൊലയാളിയുമായ പരശുറാം വാഗ്‌മർ എന്നിവർ ഉൾപ്പെടെ 18 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.തീവ്രഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായവരിൽ ഏറെയും.