നവകേരള സദസിന് മുമ്പ് മന്ത്രിസഭാ പ്രവേശനം വേണമെന്ന കേരള കോണ്‍ഗ്രസ് ബിയുടെ ആവശ്യം ഇടതുമുന്നണി നേതൃത്വം അംഗീകരിക്കില്ല. രണ്ടരവര്‍ഷം ഭരിച്ചവര്‍ തന്നെവേണം ഭരണനേട്ടങ്ങള്‍ പറഞ്ഞ് ജനങ്ങളുടെ അടുത്തേക്ക് പോകാനെന്നാണ് മുഖ്യമന്ത്രിയുടെ താല്‍പര്യം. സി.പി.എം നേതൃത്വത്തിലുണ്ടായ ധാരണയും ഇതുതന്നെയാണ്.പത്തിന് ചേരുന്ന ഇടതുമുന്നണിയോഗത്തില്‍ മന്ത്രിസ്ഥാനം പങ്കിടുന്നതിലെ മുന്‍ധാരണ നടപ്പിലാക്കണം എന്നാണ് കേരള കോണ്‍ഗ്രസ് ബിയുടെ ആഗ്രഹം. 20നാണ് രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ മന്ത്രിസഭ ജനങ്ങളിലക്ക് എത്തുന്ന നവകേരളസദസ് 18ന് കാസര്‍കോട് നിന്ന് തുടങ്ങും. നവകേരളസദസ് നടക്കുന്നതിനിടെ മന്ത്രിസ്ഥാനം കിട്ടില്ലെന്ന കാര്യം കേരളകോണ്‍ഗ്രസ് ബിയ്ക്ക് അറിയാം. അതിനാലാണ് വെള്ളിയാഴ്ച ചേരുന്ന ഇടതുമുന്നണിയോഗത്തിന് മുമ്പായി ഇക്കാര്യം ആവശ്യപ്പെട്ട് അവര്‍ മുഖ്യമന്ത്രിക്കും സി.പി.എം സംസ്ഥാന സെക്രട്ടറിക്കും എല്‍.ഡി.എഫ് കണ്‍വീനര്‍ക്കും കത്തുനല്‍കിയത്.രണ്ടരവര്‍ഷം മന്ത്രിസഭയില്‍ പ്രാതിനിധ്യം എന്ന അവകാശം ഹനിക്കപ്പെടരുതെന്ന നിലപാട് കെ.ബി.ഗണേഷ് കുമാര്‍ വെള്ളിയാഴ്ച ഇടതുമുന്നണി യോഗത്തിലും ഉന്നയിക്കുമെന്നാണ് സൂചന. എന്നാല്‍ മണ്ഡലപര്യടനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ സി.പി.എമ്മും ഇടതുമുന്നണി നേതൃത്വവും ചൂണ്ടിക്കാണിക്കും. അതിനാല്‍ മണ്ഡലപര്യടനത്തിനുശേഷം മാറ്റം വരുത്താമെന്ന തീരുമാനം മുഖ്യമന്ത്രിയും എല്‍.ഡി.എഫ് നേതൃത്വവും ഔദ്യോഗികമായി മന്ത്രിസ്ഥാനത്തിന് കാത്തിരിക്കുന്ന കേരള കോണ്‍ഗ്രസ് ബിയെയും കോണ്‍ഗ്രസ് എസിനെയും അറിയിക്കുകയും ചെയ്യും.