മലപ്പട്ടത്ത് ഗാന്ധി സ്തൂപം സ്ഥാപിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പുഷ്പാര്‍ച്ചന നടത്തുമെന്നും കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി തന്നെ അതിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
നാം എങ്ങോട്ടേക്കാണ് പോകുന്നത്. കണ്ണൂര്‍ ജില്ലയിലെ സി.പി.എം. പാര്‍ട്ടി ഗ്രാമമായ മലപ്പട്ടത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഗാന്ധി സ്തൂപം തച്ചുടക്കപ്പെട്ടിരിക്കുന്നു.
15 വര്‍ഷം രാജ്യസേവനം നടത്തി സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞ ഒരു മുന്‍ സൈനികനാണ് സ്വന്തം ഭൂമിയില്‍ ഈ സ്തൂപം സ്ഥാപിച്ചത്. ഗാന്ധിജിയെയും നെഹ്‌റുവിനെയും സ്വാതന്ത്ര്യ സമരത്തെയുമെല്ലാം തള്ളിപ്പറഞ്ഞ, സി.പി.എം. നേതാക്കളുടെ ദേശവിരുദ്ധ പ്രസംഗങ്ങള്‍ മാത്രം കേട്ടു വളര്‍ന്ന ഒരു ദേശത്ത് ഇതും ഇതിലപ്പുറവും നടക്കുമെന്നതില്‍ ആശ്ചര്യമില്ല. അത്യന്തം നിന്ദ്യമായ ഈ സംഭവത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമാസക്തരായി, ആക്രോശിച്ചെത്തിയ സി.പി.എം.ല്‍ നിന്ന് ഇതില്‍ അപ്പുറം എന്ത് പ്രതീക്ഷിക്കാന്‍. സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും മുന്‍ ജില്ലാ സെക്രട്ടറിയുമെല്ലാം സ്ഥലത്തെത്തിയെങ്കിലും സംഭവത്തെ ന്യായീകരിക്കുന്ന രീതിയില്‍ പ്രസംഗിച്ചു എന്നത് എത്ര മാത്രം ജുഗത്സാവഹമാണ്.
ഗാന്ധിജി ഒരു മഹാ വിപ്ലവകാരിയാണെന്ന് ലോകമാകെ അംഗീകരിച്ചു കഴിഞ്ഞു എന്ന സത്യം, ആശയത്തെ കൈ ബോബും കഠാരയുമായി ഇപ്പോഴും നേരിടുന്ന സി.പി.എമ്മിന് തിരിച്ചറിയാന്‍ കഴിയുന്നില്ല. ഗാന്ധിജി നിങ്ങള്‍ക്ക് വാര്‍ദ്ധയിലെ കപട സന്യാസി ആയിരുന്നല്ലൊ. ആധിപത്യ ശക്തികളെയും അധികാര സ്ഥാനങ്ങളെയും മുഖാമുഖം നേരിടാന്‍ ഗാന്ധിജിക്കേ കഴിയൂ. സഖാ: കെ. ദാമോദരനെ കുറിച്ച് അറിയുമൊ? കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ദാര്‍ശനികനായ നേതാവ്. വിയറ്റ്‌നാം സന്ദര്‍ശന ശേഷം ദാമോദരനോട് മഹാത്മാവിനെ കുറിച്ച് ഹോചിമിന്‍ പറഞ്ഞ വാക്കുകള്‍ തേടിപ്പിടിച്ചു ഒന്ന് വായിക്കുക.
ഗാന്ധി സ്തൂപം മലപ്പട്ടത്ത്സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി. ഗോപിനാഥ് നടത്തിയ പ്രസംഗം സി.പി.എം. നേതൃത്വത്തിന്റെ അറിവോടെയാണോ? പാര്‍ട്ടി ജനറല്‍ സെക്രട്ടറി സഖാ: എം.എ. ബേബിയും മുഖ്യമന്ത്രി പിണറായി വിജയനും ഈ അഭിപ്രായം പങ്കുവെക്കുന്നവരാണോ? വിശദീകരണം അവരാണ് നടത്തേണ്ടത്. മലപ്പട്ടത്ത് തന്റെ സ്വന്തം ഭൂമിയില്‍ ഗാന്ധി സ്തൂപം സ്ഥാപിച്ച സനീഷ് എന്ന മുന്‍ സൈനികന്‍ എത്ര മാത്രം രാജ്യസ്‌നേഹിയാണ്. ഗാന്ധിയന്‍ മൂല്യങ്ങള്‍ കാലാതിവര്‍ത്തിയാണെന്ന് തിരിച്ചറിഞ്ഞ, ഗാന്ധി സന്ദേശം കൂടുതല്‍ തീവ്രമായി പ്രചരിപ്പിക്കേണ്ടത് വര്‍ത്തമാന കാല ഇന്ത്യന്‍ സാഹചര്യത്തില്‍ അത്യന്തം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ മുന്‍ രാജ്യരക്ഷാ ഭടന്റെ ദേശാഭിമാന ബോധത്തിന് സല്യൂട്ട്. ഞങ്ങള്‍ മലപ്പട്ടത്ത് ഗാന്ധി സ്തൂപം സ്ഥാപിക്കും. പുഷ്പാര്‍ച്ചന നടത്തും. കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി തന്നെ അതിന് നേതൃത്വം നല്‍കും.