ബിജെപിയുടെ വിദ്യാഭ്യാസവിരുദ്ധ മനോഭാവം കാരണം യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തില്‍: മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി

Jaihind Webdesk
Wednesday, July 10, 2024

 

ന്യൂഡൽഹി: ബിജെപിയുടെ വിദ്യാഭ്യാസവിരുദ്ധ മനോഭാവം കാരണം യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ യുവാക്കൾ തൊഴിലില്ലായ്മ മൂലം പൂർണ്ണമായും നിരാശരായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കഠിനാധ്വാനികളായ യുവാക്കളെ ഈ പ്രതിസന്ധിയിൽ നിന്ന് മോചിപ്പിക്കാൻ മോദി സർക്കാരിന് എന്തെങ്കിലും പദ്ധതിയുണ്ടോയെന്ന് ചോദിച്ച രാഹുല്‍ ഗാന്ധി പ്രതിപക്ഷം യുവാക്കളുടെ ശബ്ദം പ്രതിഫലിപ്പിക്കുന്നത് തുടരുമെന്നും വ്യക്തമാക്കി.

2024-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (ഐഐടി) ബിരുദം നേടിയ എഞ്ചിനീയർമാരുടെ ശമ്പളത്തിലെ ഇടിവും നിയമനത്തിലെ കുറവുംചൂണ്ടിക്കാട്ടുന്ന ഒരു മാധ്യമറിപ്പോർട്ട് ഉദ്ധരിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമർശം.

“ഇന്ന് യുവാക്കൾ തൊഴിലില്ലായ്മ കാരണം പൂർണമായും നിരാശരാണ്. രക്ഷിതാക്കൾ പ്രൊഫഷണൽ വിദ്യാഭ്യാസം നേടാൻ ലക്ഷങ്ങൾ ചെലവഴിക്കുന്നു. വിദ്യാർത്ഥികൾ ഉയർന്ന പലിശയ്ക്ക് വായ്പയെടുത്ത് പഠിക്കാൻ നിർബന്ധിതരാകുന്നു. എന്നാല്‍ ജോലിയോ വരുമാനമോ ലഭിക്കാത്തത് അവരുടെ സാമ്പത്തികനില പരുങ്ങലിലാക്കുന്നു.കാരണമാകുന്നു.” – രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിയുടെ വിദ്യാഭ്യാസ വിരുദ്ധ ചിന്തയുടെ ഫലമാണിതെന്നും ഈ രാജ്യത്തെ പ്രതിഭാധനരായ യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു.

“ഐഐടികൾ പോലെയുള്ള രാജ്യത്തെ ഏറ്റവും പ്രശസ്തമായ സ്ഥാപനങ്ങൾ ഇപ്പോൾ സാമ്പത്തിക മാന്ദ്യത്തിന്‍റെ ദൂഷ്യഫലങ്ങൾ  അഭിമുഖീകരിക്കുകയാണ്. ഐഐടികളിൽ നിന്നുള്ള പ്ലേസ്‌മെന്‍റുകളിലെ തുടർച്ചയായ ഇടിവും വാർഷിക പാക്കേജിലെ കുറവും തൊഴിലില്ലായ്മയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന യുവാക്കളുടെ അവസ്ഥയെ കൂടുതൽ വ്രണപ്പെടുത്തുന്നു.” – രാഹുല്‍ ഗാന്ധി തന്‍റെ വാട്ട്‌സ്ആപ്പ് ചാനലിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

വിദ്യാർത്ഥികള്‍ക്ക് ക്യാമ്പസുകള്‍ വഴിയുള്ള തൊഴിലവസരങ്ങളിലെ കുറവ് ഇരട്ടിയായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 2022-ൽ 19% വിദ്യാർത്ഥികൾക്ക് ക്യാമ്പസ് പ്ലേസ്‌മെൻ്റ് നേടാനായില്ലെന്നും 2024-ല്‍ ഇത് 38% ആയി വർധിച്ചുവെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. രാജ്യത്തെ ഏറ്റവും പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവസ്ഥ ഇതായിരിക്കുമ്പോൾ, ബാക്കിയുള്ള സ്ഥാപനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.