പൊള്ളിച്ച് ഇന്ധനവില ; തുടർച്ചയായ എട്ടാം ദിവസവും വർധന

 

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായ എട്ടാം ദിവസവും കൂടി. പ്രെട്രോളിന് ലിറ്ററിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് ശനിയാഴ്ച വര്‍ധിപ്പിച്ചത്. ഇതോടെ കഴിഞ്ഞ എട്ട് ദിവസം കൊണ്ട് പെട്രോളിന് 4 രൂപ 53 പൈസയും ഡീസലിന് 4 രൂപ 41 പൈസയും കൂടി. വരും ദിവസങ്ങളില്‍ രാജ്യത്ത് ഇന്ധന വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചനകള്‍.

രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞുനില്‍ക്കുമ്പോഴാണ് രാജ്യത്ത് തുടർച്ചയായി എണ്ണവില വർധിപ്പിക്കുന്നതെന്നതാണ് ശ്രദ്ധേയം. കൊവിഡ് പ്രതിസന്ധിയില്‍ ജനം വലഞ്ഞുനില്‍ക്കുന്നതിനിടെയാണ് ഇരുട്ടടിയായി ഇന്ധനവില തുടർച്ചയായി വര്‍ധിപ്പിക്കുന്നത്. മാര്‍ക്കറ്റിംഗ് മാര്‍ജിന്‍ സാധാരണ നിലയിലേക്ക് എത്തുന്നതുവരെ വരും ദിവസങ്ങളിലും എണ്ണവില വർധിപ്പിക്കാനാണ് എണ്ണക്കമ്പനികളുടെ നീക്കം.

2014 ല്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് ബാരലിന് 109 ഡോളറായിരുന്നപ്പോള്‍ 77 രൂപയായിരുന്നു രാജ്യത്ത് പെട്രോള്‍ വില . 2020 ജനുവരിയില്‍ ക്രൂഡ് ഓയില്‍ വില 64 ഡോളറായപ്പോഴും അന്താരാഷ്ട്ര വിപണിയിലെ വില കുറവ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പ്രതിഫലിച്ചതേയില്ല. നിലവിലെ വർധനവ് തുടരുകയാണെങ്കില്‍ ഇന്ധന വില മൂന്ന് മാസത്തിനകം 85 രൂപ കടന്നേക്കുമെന്നാണ് വിലയിരുത്തല്‍.

Comments (0)
Add Comment