സ്പ്രിങ്ക്ളറിൽ തുടങ്ങി സ്വർണ്ണക്കടത്തിലൂടെ ലൈഫ് മിഷനിലേയ്ക്ക് ; ഇടത് സർക്കാരിന്‍റെ അഴിമതിക്കഥകള്‍ മറനീക്കി പുറത്തേക്ക്

Jaihind News Bureau
Saturday, September 26, 2020

 

തിരുവനന്തപുരം: തൊട്ടല്ലൊം പിഴച്ച പിണറായി സർക്കാരിന്‍റെ അവസാന വർഷത്തിൽ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന നിരവധി അഴിമതി കഥകളാണ്. സ്പ്രിങ്ക്ളറിൽ തുടങ്ങിയ അഴിമതിക്കറ സ്വർണ്ണക്കടത്തിലൂടെ ലൈഫ് മിഷനിലെത്തി നിൽക്കുമ്പോൾ ഇടത് സർക്കാരിന്‍റെ അഴിമതി വിരുദ്ധ പ്രതിച്ഛായ പൂർണ്ണമായും തകർന്നടിഞ്ഞു.

പി.ആർ കമ്പനിയായ സ്പ്രിങ്ക്ളറിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ പോരാട്ടമാണ് ഇടത് സർക്കാരിൻ്റെ അഴിമതി വിരുദ്ധ പ്രതിച്ഛായയുടെ അടിത്തറയിളക്കിയത്. അന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിച്ചു നിർത്തുകയായിരുന്നു.

തുടർന്നാണ് നയതന്ത്ര ബാഗേജിന്‍റെ മറവിൽ നടന്ന സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധത്തെ തുടർന്ന് കസ്റ്റംസ് ചോദ്യം ചെയ്ത ശിവശങ്കറിനെ സസ്പെൻറ് ചെയ്യാൻ സർക്കാർ നിർബന്ധിതമായി. സംഭവത്തിൽ വിശദമായ അന്വേഷണം കേന്ദ്രത്തിനോട് സംസ്ഥാന സർക്കാർ അവശ്യപ്പെട്ടതോടെ എൻ.ഐ.എ അന്വേഷണത്തിനെത്തി.

കുറ്റമെല്ലാം ശിവശങ്കറിന്‍റെ തലയിൽ വെച്ചു കെട്ടാനുള്ള സി.പി.എമ്മിന്‍റെയും ഇടതുമുന്നണിയുടെയും കൊണ്ടു പിടിച്ച ശ്രമങ്ങൾക്കിടയിലാണ് സ്വപ്നയുടെ ഫോൺ രേഖകളിലൂടെ മന്ത്രി ജലീലിന്‍റെ ബന്ധം പുറത്താവുന്നത്. അതിൽ നിന്ന് തടിയൂരാൻ ജലീൽ തന്നെ പുറത്തുവിട്ട കോൺസുലേറ്റ് ഉദ്യോഗസ്ഥന്‍റെ വാട്സാപ് ചാറ്റ് ജലീലിന് തന്നെ കുരുക്കാവുകയും അന്വേഷണം ആ വഴിക്ക് തിരിയുകയും ചെയ്തു.

ഇതിനു പിന്നാലെ അനിൽ അക്കര ഉന്നയിച്ച വടക്കാഞ്ചേരി ലൈഫ് മിഷൻ തട്ടിപ്പിൽ താൻ ആവശ്യപ്പെട്ട രേഖകൾ നൽകാതെ പ്രതിപക്ഷ നേതാവിനെ ഇരുട്ടിൽ നിർത്താൻ ശ്രമിച്ചെങ്കിലും അവസാനം അന്വേഷണം സി.ബി.ഐയിലെത്തി. ഇതിനു പുറമേയാണ് എൻഫോഴ്മെന്‍റ് ഡയറക്ടറേറ്റ് സി.പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷിനെയും മന്ത്രി ജലീലിനെയും ചോദ്യം ചെയ്തത്. ഇടത് സർക്കാരിന്‍റെ അഴിമതി വിരുദ്ധ പ്രതിച്ഛായ തകർന്നുവെന്ന് മാത്രമല്ല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പോരാട്ടങ്ങൾക്കൊടുവിൽ കേന്ദ്രത്തിന്‍റെ നാല് അന്വേഷണ ഏജൻസികളാണ് സർക്കാരിനെതിരെ വിവിധ വിഷയങ്ങളിൽ അന്വേഷണം നടത്തുന്നത്.