തിരുവനന്തപുരം: ഇടതുഭരണത്തില്‍ സംസ്ഥാനത്ത് നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങളെയും തൊഴിലില്ലായ്മയെയും വിമര്‍ശിച്ച് പി.സി വിഷ്ണുനാഥ് എംഎല്‍എ. പട്ടിപിടിത്തക്കാര്‍ക്ക് മുതല്‍ വൈസ് ചാന്‍സലര്‍ക്ക് വരെ സിപിഎം ജില്ലാ സെക്രട്ടറി വഴി നിയമനം ലഭിക്കുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്ന് പി.സി വിഷ്ണുനാഥ് പരിഹസിച്ചു. പിഎസ്സി വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട നിയമനങ്ങളാണ് സര്‍ക്കാര്‍ അട്ടിമറിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനധികൃത നിയമനം എന്നത് വ്യാജപ്രചാരണമാണെന്ന മന്ത്രി എം.ബി രാജേഷിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു പി.സി വിഷ്ണുനാഥ്. സംസ്ഥാനത്ത് 30 ലക്ഷം യുവാക്കളാണ് തൊഴിലിന് വേണ്ടി കാത്തിരിക്കുന്നത്. ദേശീയ ശരാശരിയേക്കാള്‍ തൊഴിലില്ലായ്മ നിരക്ക് കേരളത്തില്‍ അധികമാണ്. ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്നതാണ് സര്‍ക്കാര്‍ നടപടി. മയക്കുമരുന്നിന്റെ ഉപയോഗത്തിലുണ്ടാകുന്ന വര്‍ധനവിനും തൊഴിലില്ലായ്മ ഒരു കാരണമാവുന്നുണ്ട്. കേരളത്തിലെ യുവാക്കള്‍ മെച്ചപ്പെട്ട ജിവത സാഹചര്യങ്ങള്‍ തേടി യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്ന സാഹചര്യമാണെന്നും പി.സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 10 മാസത്തിനിടെ 6,200 നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടക്കുമ്പോള്‍ 1,90,000 പിന്‍വാതില്‍ നിയമനങ്ങളാണ് സംസ്ഥാനത്ത് തടന്നതെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തതായി പി.സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പ്രസക്തി എന്താണെന്ന് പി.സി വിഷ്ണുനാഥ് ചോദിച്ചു. 2021 പ്രകടനപത്രികയനുസരിച്ച് യുവാക്കള്‍ക്ക് ജോലി നല്‍കുമെന്നതിനുള്ള നടപടികളിലേക്ക് കടക്കുകയാണെന്ന് പറഞ്ഞ മന്ത്രിയോട് 2016 ലെ പ്രകടനപത്രികയനുസരിച്ച് എത്ര പേര്‍ക്കാണ് തൊഴില്‍ നല്കാന് സാധിച്ചതെന്നതില്‍ കൃത്യമായ മറുപടിയുണ്ടോയെന്നും എംഎല്‍എ ചോദിച്ചു. തിരുവനന്തപുരം നഗരസഭയിലെ നിയമന കത്ത് വിവാദവും എംഎല്‍എ സഭയില്‍ ഉന്നയിച്ചു.
സര്‍വകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടതാണ്. എന്നാല്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ മൂവായിരത്തോളം പിന്‍വാതില്‍ നിയമനങ്ങളാണ് നടന്നിട്ടുള്ളത്. കരാര്‍, താത്ക്കാലിക ജീവനക്കാരുടെ സംഖ്യ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ മേഖലകളില്‍ ഒരു ലക്ഷത്തിലും അധികമാണ്. സംസ്ഥാനത്ത് 30 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ തൊഴിലില്ലായ്മ നേരിടുമ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത് പാര്‍ട്ടി നിയമങ്ങളാണെന്നും പി.സി വിഷ്ണുനാഥ് എംഎല്‍എ കുറ്റപ്പെടുത്തി.