ന്യൂഡല്‍ഹി: രാജ്യത്ത് പാരസെറ്റമോൾ ഉൾപ്പടെയുള്ള 800 അവശ്യ മരുന്നുകളുടെ വില കുത്തനെ ഉയരും. 11 ശതമാനത്തോളമാണ് വില ഉയരുകയെന്ന് ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഏപ്രിൽ 1 മുതൽ വിലവർധന പ്രാബല്യത്തിൽ വരും.
തുടർച്ചയായ ഇന്ധന – പാചകവാതക വിലവർധനവിൽ ജനം പൊറുതി മുട്ടുന്നതിനിടെയാണ് രാജ്യത്ത് പാരസെറ്റമോൾ ഉൾപ്പെടെയുള്ള അവശ്യമരുന്നുകളുടെ വില കുത്തനെ ഉയരുന്നത്. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി ഓഫ് ഇന്ത്യ വിലവർധന സംബന്ധിച്ച വിവരങ്ങൾ പുറത്തിറക്കി. കേന്ദ്ര ധനകാര്യ വകുപ്പിൽ നിന്നും ലഭിച്ച 2021ലെ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയാണ് പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചത്. ഏപ്രിൽ 1 മുതൽ മരുന്നുകളുടെ വിലയിൽ 10.7 ശതമാനമാണ് വർധിക്കുന്നത്.
നിലവിൽ രണ്ട് രൂപ വരെയാണ് പാരസെറ്റമോളിന്‍റെ പരമാവധി വില. പാരസെറ്റമോൾ കൂടാതെ അലർജി, ഹൃദ്രോഗം, ത്വക്‌രോഗം, വിളർച്ച എന്നിവയ്ക്ക് നൽകി വരുന്ന അസിത്രോമൈസിൻ, സിപ്രോഫ്‌ലോക്‌സാസിൻ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോൾ തുടങ്ങി 800 ഓളം അവശ്യ മരുന്നുകളുടെ വിലയിലും വർധനവുണ്ടാകും.