‘സൃഹൃത്തുക്കള്‍ക്കിടയില്‍ പ്രതികാരമോ’, ജീവന്‍രക്ഷാ മരുന്നുകള്‍ ആദ്യം ഇന്ത്യക്കാര്‍ക്ക് ലഭിക്കണമെന്ന് രാഹുല്‍ ഗാന്ധി

Jaihind News Bureau
Tuesday, April 7, 2020

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധമരുന്ന് കയറ്റുമതി വിവാദത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. എല്ലാ രാജ്യങ്ങളേയും സഹായിക്കാന്‍ ഇന്ത്യ തയാറാകണമെന്നും എന്നാല്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ആദ്യം ഇന്ത്യക്കാര്‍ക്ക് ലഭിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കൊവിഡ് പ്രതിരോധ മരുന്ന് നല്‍കിയില്ലെങ്കില്‍ ഇന്ത്യക്ക് തിരിച്ചടി ഉണ്ടാകുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയെയും അദ്ദേഹം പരിഹസിച്ചു.  സൃഹൃത്തുക്കള്‍ക്കിടയില്‍ പ്രതികാരം തോന്നുമോയെന്നും അദ്ദേഹം ടീറ്റില്‍ കൂട്ടിച്ചേര്‍ത്തു. മോദി തന്‍റെ പ്രിയപ്പെട്ട സുഹൃത്താണെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്‍റെ പ്രതികരണം.

അതിനിടെ കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മലേറിയ വാക്‌സിനായ ഹൈഡ്രോക്‌സി ക്ലോറോക്വീൻ അമേരിക്കയിലേയ്ക്ക് കയറ്റി അയയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മാനുഷിക പരിഗണയുടെ അടിസ്ഥാനത്തിലാണ് മരുന്ന് നൽകുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് മരുന്നിന്‍റെ കുറവ് പരിഹരിക്കാൻ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു. ഇതിനെതിരെ ട്രംപ് രംഗത്തെത്തി. ഇന്ത്യയില്‍ നിന്നുള്ള മലേറിയ മരുന്നുകള്‍ വിട്ടുനല്‍കിയിട്ടില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ട്രംപ് ഭീഷണി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ കയറ്റുമതി നിരോധനം പിൻവലിച്ചത്.