ഓഫീസിന് അവധി നൽകി ആഘോഷം: ഡി.പി.ഐയുടെ യാത്രയയപ്പ് വിവാദത്തിൽ.’പണിമുടക്കി ആഘോഷിക്കാം, സർക്കാർ ഒപ്പമുണ്ട്’

ഓഫീസ് സമയത്ത് യാതൊരു ആഘോഷവും വേണ്ടെന്ന പൊതുഭരണ വകുപ്പിന്‍റെ ഉത്തരവ് നിലനിൽക്കുമ്പോൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി മോഹൻകുമാറിന്‍റെ യാത്രയയപ്പിന് ഓഫീസിന് മുഴുനീള അവധി പ്രഖ്യാപിച്ച് ആഘോഷമാക്കി ഡി.പി.ഐ ഓഫീസ്. പൊതുവിദ്യാല യങ്ങളുടെയും വിദ്യാർഥികളുടെയും കാര്യങ്ങൾ നോക്കുന്ന കേന്ദ്ര ഓഫീസാണ് മുഴുവൻ ദിവസവും ആഘോഷത്തിൽ ആറാടുന്നത്. പ്രത്യേക സർക്കുലർ ഇറക്കിയാണ് ആഘോഷപരിപാടികൾ നടത്തുന്നതെന്നും ശ്രദ്ധേയമാണ്. യാത്രയയപ്പ് ആഘോഷത്തിനു ശേഷം നാളെ ഉദ്യോഗസ്ഥർ വനിതാ മതിലിന്‍റെ തിരക്കിലേക്ക് നീങ്ങുന്നതോടെ ഓഫീസ് പ്രവർത്തനവും സ്തംഭിക്കും. രണ്ടിന് പൊതുഅവധി കൂടി എത്തുന്നതോടെ ഫലത്തിൽ മൂന്നു ദിവസമാവും ഓഫീസ് മുടങ്ങുക.

സ്ഥാനമൊഴിയുന്ന ഡി.പി.ഐക്ക് ഉപഹാരം വാങ്ങാനും സദ്യയൊരുക്കാനും ആഘോഷനടത്തിപ്പിനുമായി വൻ തുകയാണ് ഉദ്യോഗസ്ഥരിൽ നിന്ന് പിരിച്ചെടുത്തിട്ടുള്ളത്. സാലറി ചലഞ്ച് കഴിഞ്ഞപാടേ ഡി.പി.ഐയുടെ വിരമിക്കൽ ചടങ്ങിന് പിരിവിനെത്തിയ സംഘാടക സമിതിയോട് വിയോജിച്ച ഉദ്യോഗസ്ഥരെ സ്ഥലം മാറ്റ ഭീഷണി മുഴക്കി വിരട്ടുകയും ചെയ്തിട്ടുണ്ട്. ആഘോഷനടത്തിപ്പ് സംബന്ധിച്ച് ഒരു ദിവസം മുഴുവൻ നീണ്ട ആലോചനാ യോഗത്തിലാണ് തീരുമാനമെടുത്തത്. സ്ഥാനമൊഴിയുന്ന ഡി.പി.ഐക്ക് ഉപഹാരം വാങ്ങുന്നതിന്‍റെയും നൽകുന്നതിന്‍റെയും ചുമതല അഡീഷണൽ ഡയറക്ടർ (ജനറൽ), സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ചീഫ് പ്ലാനിംഗ് ഓഫീസർ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിക്ക് നൽകുകയും ചെയ്തിട്ടുണ്ട്. സദ്യയുടെ ചുമതല മറ്റൊരു ഉദ്യോഗസ്ഥനാണ് വഹിക്കുന്നത്. ഉദ്യോഗസ്ഥരെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് ഇതിനായുള്ള പിരിവ് പൊടിപൊടിച്ചത്. ഗസറ്റഡ്/സീനിയർ ഓഫീസർ-1000 രൂപ, സീനിയർ/ജൂനിയർ സൂപ്രണ്ട്-ഫെയർ കോപ്പി സൂപ്രണ്ട്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്- 500 രൂപ, ക്ലാർക്ക്, ടൈപ്പിസ്റ്റ്-400 രൂപ, ഓഫീസ് അറ്റൻഡർ-ഫുൾടൈം മീനിയൽ, നൈറ്റ് വാച്ച്മാൻ-300 രൂപ എന്നിങ്ങനെയായിരുന്നു പിരിവ് നടത്തിയപ്പോൾ പാർട്ട്-ടൈം കണ്ടിജന്റ് ജീവനക്കാരെ അതിൽ നിന്നും ഒഴിവാക്കി നിർത്തുകയും ചെയ്തു.

രാവിലെ കലാപരിപാടികളോടെ തുടങ്ങിയ ആഘോഷത്തിന് പുറമേ ഉച്ചയ്ക്ക് 12 മുതൽ സദ്യയുമുണ്ട്. ജീവനക്കാർക്കു മാത്രമല്ല, ഓഫീസിൽ വരുന്നവര്‍ക്കെല്ലാം തൂശനിലയിൽ സദ്യ വിളമ്പാനാണ് തീരുമാനം. വിവിധ ആവശ്യങ്ങൾക്കെത്തുന്നവർക്ക് അതൊന്നും സാധിക്കില്ലെങ്കിലും സദ്യ കഴിച്ചു മടങ്ങാമെന്ന ആശ്വാസം മാത്രമാണ് ഓഫീസിൽ നിന്നും ലഭിക്കുക.

dpi
Comments (0)
Add Comment