സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സമര വേലിയേറ്റമാണ് കഴിഞ്ഞ നാലു വർഷമായി സംസ്ഥാനത്ത് അലയടിച്ചത്. ഭരണ സിരാകേന്ദ്രത്തെ വിറപ്പിച്ച് സ്ത്രീകളുടെ അതിജീവന പോരാട്ടം തുടരുമ്പോഴും സർക്കാർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. കോടികൾ പൊടിപൊടിച്ച നവകേരളസദസ്സിനെതിരെ ഉയർന്ന പ്രതിഷേധങ്ങളെ ജീവൻ രക്ഷാ പ്രവർത്തനം എന്ന് വ്യാഖ്യാനിച്ച് തല്ലിച്ചതച്ച് തേർവാഴ്ച നടത്തിയ മുഖ്യമന്ത്രി ജനകീയ സമരങ്ങളെ തള്ളിപ്പറഞ്ഞാണ് ഏകാധിപത്യ വാഴ്ച തുടരുന്നത്.
സർക്കാരിന്‍റെ അഴിമതിക്കും ജനവിരുദ്ധ നയങ്ങൾക്കും കെടുകാര്യസ്ഥതക്കും എതിരെ വലിയ പ്രതിഷേധങ്ങളും ശക്തമായ സമരങ്ങളുമാണ് കഴിഞ്ഞ നാലുവർഷം സംസ്ഥാനത്തുടനീളം ഉയർന്നത്. എന്നാൽ സർക്കാരിനെതിരെ ആഞ്ഞടിക്കുന്ന പ്രതിപക്ഷ ശബ്ദങ്ങളെ നിശബ്ദമാക്കുവാനും സമരങ്ങളെ പോലിസിനെ ഉപയോഗിച്ച് ചോരയിൽ മുക്കിക്കൊല്ലുവാനുമുള്ള ഹീന തന്ത്രങ്ങളാണ് സർക്കാർ നിയമസഭയ്ക്ക് അകത്തും പുറത്തുംനടത്തിവരുന്നത്. കോടികൾ പൊടിപൊടിച്ച നവകേരളസദസ്സിനെതിരെ ഉയർന്ന പ്രതിഷേധങ്ങളെ ജീവൻ രക്ഷാ പ്രവർത്തനം എന്ന് വ്യാഖ്യാനിച്ച് തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ തേർവാഴ്ച ഏറെ വിമർശനം ഉയർത്തിയിരുന്നു. സംസ്ഥാനത്തുടനീളം കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ചെടിച്ചട്ടിക്കടിച്ചും വളഞ്ഞിട്ട് തല്ലിയുമാ ണ് പോലീസും പാർട്ടി ഗുണ്ടാ സംഘങ്ങളും ചേർന്ന് അക്രമ രാഷ്ട്രീയ പരമ്പര നടത്തിയത്.
ലാത്തിച്ചാർജും കള്ളകേസുമായി ജനകീയ സമരങ്ങളെ അടിച്ചമർത്തുന്നതിനിടയിലാണ് ഭരണസിരാകേന്ദ്രത്തിനു മുന്നിൽ സ്ത്രീകളുടെ അതിജീവന സമര പോരാട്ട പരമ്പര ആരംഭിച്ചത്. ആശാവർക്കർമാരും അംഗൻവാടി ജീവനക്കാരും വനിത സിപിഒ ഉദ്യോഗാർത്ഥികളും വേറിട്ട സമര മുഖങ്ങൾ തുറന്ന് സർക്കാരിനെ പ്രതിരോധത്തിലും പ്രതിക്കൂട്ടിലുമാക്കി. സമരങ്ങൾ സർക്കാരിനെ പിടിച്ചുലച്ചതോടെ മന്ത്രിമാരെയും പാർട്ടി സഖാക്കളെയും ട്രേഡ് യൂണിയൻ നേതാക്കളെയും ഇറക്കി സമരക്കാരെ അധിക്ഷേപിച്ചുകൊണ്ട് വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങളാണ് സർക്കാർ നടത്തിയത്
സമര ചരിത്രങ്ങളിലൂടെ വളർന്ന സിപിഎം ഭരിക്കുന്ന കേരളത്തിൽ മുഖ്യമന്ത്രി നേരിട്ടിറങ്ങി സമരങ്ങളെ തള്ളിപ്പറയുന്നതും സമരക്കാരെ അധിക്ഷേപിക്കുന്നതും വലിയ വിമർശനങ്ങളാണ് ഉയർത്തുന്നത്. ജനകീയ സമരങ്ങൾക്ക് നേരെ മുഖം തിരിഞ്ഞും സമരക്കാരെ കടന്നാക്രമിച്ചുംമുഖ്യമന്ത്രിയും സിപിഎമ്മും തുടരുന്ന ഏകാധിപത്യ വാഴ്ചക്കെതിരെ കടുത്ത വിമർശനങ്ങളാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.