നാലു വർഷ ഡിഗ്രി കോഴ്സ് പരിഷ്കാരം മുന്നൊരുക്കങ്ങളില്ലാതെ; സർവകലാശാല നിയമനങ്ങളുടെ മറവില്‍ കോടികളുടെ കൊള്ള: മുഹമ്മദ് ഷമ്മാസ്

Jaihind Webdesk
Monday, July 1, 2024

 

കണ്ണൂർ: നാലു വർഷ ഡിഗ്രി കോഴ്സ് നടപ്പിലാക്കാനുള്ള നീക്കം മതിയായ മുന്നൊരുക്കങ്ങളില്ലാതെയെന്ന് കെഎസ്‌യു. കണ്ണൂർ സർവകലാശാലയിൽ രണ്ടു സെമസ്റ്റർ സിലബസ് മാത്രമേ പ്രസിദ്ധികരിച്ചിട്ടുള്ളൂ. പരീക്ഷാ മൂല്യനിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തയില്ലെന്നും സർവകലാശാലയിലെ നിയമനത്തിന്‍റെ മറവിൽ കോടികളുടെ കൊള്ളയാണ് നടന്നിരിക്കുന്നതെന്നും മുഹമ്മദ് ഷമ്മാസ് കണ്ണൂരില്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി നാലു വർഷ ബിരുദ കോഴ്സിന്‍റെ പ്രവേശനം ഉദ്ഘാടനം ചെയ്യുന്നത് വിദ്യാർത്ഥി വഞ്ചനയാണെന്ന് മുഹമ്മദ് ഷമ്മാസ് പറഞ്ഞു. സിലബസ് പോലും തയാറാക്കാതെയാണ് നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുന്നത്. കണ്ണൂർ സർവകലാശാലയിൽ തന്നെ പകുതിയിൽ അധികം കോഴ്സുകൾക്കും പൂർണമായ സിലബസുകൾ ഇല്ല. മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങുന്നത് പോലെ ഗഡുക്കളായാണ് വിദ്യാർത്ഥികൾക്കുള്ള സിലബസെന്നും മുഹമ്മദ് ഷമ്മാസ് പരിഹസിച്ചു.  ഇന്‍റേൺഷിപ്പ് ചെയ്യുന്നത് സംബന്ധിച്ച് ഒരു രൂപരേഖയും ഇതുവരെ തയാറാക്കിയിട്ടില്ല. ബോർഡ് ഓഫ് സ്റ്റഡീസിൽ തിരുകിക്കയറ്റലും കൂട്ടിച്ചേർക്കലും നടക്കുന്നു. പാർട്ടി താല്‍പര്യങ്ങൾ ഉൾപ്പടെ ഇതിൽ കടന്നുവരുന്നു. വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ ബോർഡ് ഓഫ് സ്റ്റഡീസിൽ ഇല്ല. കേരളത്തിലെ 11 ഓളം സർവകലാശാലകളിൽ വിസിമാരില്ല. ഓരോ കോഴ്സിനും വിദ്യാർത്ഥികൾക്ക് വിഷയങ്ങൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാൻ കോഴ്സ് ബാസ്ക്കറ്റുകൾ ഒരുക്കും എന്ന് പ്രഖ്യാപിച്ച സർക്കാർ, ബാസ്ക്കറ്റ് പോയിട്ട് ഒരു കപ്പ് പോലും ഒരുക്കിയിട്ടില്ലെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

സർവകലാശാലയിലെ നിയമനങ്ങളുടെ മറവിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നടന്നത് കോടികളുടെ കൊള്ളയാണെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു. മുൻ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്‍റേയും പ്രിയാ വർഗീസിന്‍റെയും ഉൾപ്പെടെയുള്ള നിയമനങ്ങൾക്കായി കോടികളാണ് ചെലവഴിച്ചത്. ഔദ്യോഗികമായി പുറത്തുവന്ന കണക്കുകളിൽ പോലും അടിമുടി ദുരൂഹതയുണ്ടെന്നും മുഹമ്മദ് ഷമ്മാസ് ചൂണ്ടിക്കാട്ടി.

ഗോപിനാഥ് രവീന്ദ്രന്‍റെ നിയമനവുമായി ബന്ധപ്പെട്ട് മാത്രം 31,72,000 രൂപ സർവകലാശാല ചെലവഴിച്ചപ്പോൾ 37,77,340 രൂപയാണ് ഇതിനായി എജി ഓഫീസ് മുഖേന സർക്കാർ ചെലവഴിച്ചത്. 69,49,340 രൂപ ഫീസിനത്തിൽ മാത്രം ഗോപിനാഥ് രവീന്ദ്രന് വേണ്ടി ചെലവഴിച്ചപ്പോൾ വഴിവിട്ട പുനർനിയമന കാലയളവിൽ 60 ലക്ഷത്തിലധികം രൂപ അദ്ദേഹത്തിന് ശമ്പളയിനത്തിലും നൽകിയിട്ടുണ്ട്. പ്രിയാ വർഗീസിന്‍റെ നിയമനത്തിന് മാത്രമായി ഇതുവരെ സർവകലാശാല ചെലവഴിച്ചത് 78,0000 രൂപയാണ്. ഒരുതരത്തിലുമുള്ള യോഗ്യതയും ഇല്ലാത്ത ഗോപിനാഥ് രവീന്ദ്രനും പ്രിയാ വർഗീസിനുമായി സർക്കാരും സർവകലാശാലയും ചേർന്ന് പൊടിപൊടിച്ചത് ഒന്നരക്കോടിയോളം രൂപയാണ്. ഇതിൽ കേസ് നടത്തിപ്പിന് മാത്രം 81,50,090 രൂപയാണ് ചിലവഴിച്ചത്. പാവപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും ഫീസിനത്തിൽ ഉൾപ്പെടുത്തി പിരിച്ചെടുത്തതും അവരുടെ രക്ഷിതാക്കളുടെ വിയർപ്പിന്റെ നനവുള്ള നികുതിപ്പണവുമാണ് ഇങ്ങനെ ഇഷ്ടക്കാർക്കും ഭാര്യമാർക്കും പാർട്ടിക്കാർക്കും വേണ്ടി കൊള്ളയടിക്കുന്നത്.

സർവകലാശാലയും സർക്കാരും പുറത്തുവിട്ട കണക്കുകളിൽ ദുരൂഹതയും പൊരുത്തക്കേടുകളുണ്ട്. 2023 ഡിസംബർ 7 ന് നൽകിയ വിവരാവകാശ മറുപടിയിൽ അന്നേദിവസം വരെ ഗോപിനാഥ് രവീന്ദ്രന്‍റെ നിയമനവുമായി ബന്ധപ്പെട്ട് 20,55,000 രൂപ ചെലവഴിച്ചു എന്നാണുള്ളത്. എന്നാല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിയമസഭയിൽ നൽകിയ മറുപടിയിൽ 31,48,000 രൂപ എന്നാണ് പറഞ്ഞിട്ടുള്ളത്. എങ്ങനെ കൂട്ടിയാലും മന്ത്രിയും സർവകലാശാലയും പറഞ്ഞ കണക്കുകളിലെ വൈരുധ്യം വ്യക്തമാണെന്നും ഗുരുതരമായ അഴിമതിയും ക്രമക്കേടുകളും സർവകലാശാലകൾ കേന്ദ്രീകരിച്ച് നടന്നുകൊണ്ടിരിക്കുകയാണെന്നും മുഹമ്മദ് ഷമ്മാസ് ചൂണ്ടിക്കാട്ടി. കേസ് നടത്തിപ്പിനുള്ള ഫണ്ടിംഗ് ഏജൻസികളായി സർക്കാർ സർവകലാശാലകളെ മാറ്റുകയാണെന്നും ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് വിഷയം അന്വേഷിപ്പിക്കണമെന്നും മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.