പെന്‍ഷന്‍ വിതരണം മുടങ്ങിയിട്ട് നാലു മാസം: മരുന്നു വാങ്ങാന്‍ പോലും പണമില്ലാതെ ജനം; ധൂർത്തില്‍ മുഴുകി സർക്കാർ

Jaihind Webdesk
Monday, November 6, 2023

 

തിരുവനന്തപുരം: സംസ്ഥാനത്ത് പെൻഷൻ വിതരണം മുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുമ്പോഴും അനക്കമില്ലാതെ സർക്കാർ. 55 ലക്ഷം പേരാണ് പെൻഷനായി കാത്തിരിക്കുന്നത് . അതേസമയം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കൈയൊഴിയുകയാണ് സർക്കാർ. ജനങ്ങളുടെ ദുരിതം കാണാതെ കേരളീയത്തിന്‍റെ പേരില്‍ ഉള്‍പ്പെടെ കോടികള്‍ പൊടിക്കുന്ന സർക്കാർ ധൂർത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ കോടികൾ മുടക്കി തലസ്ഥാനത്ത് സർക്കാർ കേരളീയം ആഘോഷിക്കുമ്പോൾ നാലു മാസത്തോളം ആയി മുടങ്ങിയ പെൻഷൻ കിട്ടാനുള്ള കാത്തിരിപ്പിലാണ് ഒരു കൂട്ടം മനുഷ്യർ . 55 ലക്ഷത്തോളം ദരിദ്രരാണ് സംസ്ഥാനത്തെ പെൻഷനെ മാത്രം ആശ്രയിച്ച് കഴിയുന്നത്. കടമെടുപ്പ് പരിധി കഴിയാറായതും സഹകരണ മേഖലയുടെ കൺസോർഷ്യം വായ്പ നിഷേധിച്ചതുമാണ് ക്ഷേമ പെൻഷനിൽ ഇത്ര വലിയ കുടിശിക വരാൻ കാരണമെന്നാണ് സർക്കാരിന്‍റെ വാദം.

പെൻഷൻ മുടങ്ങിയതോടെ ഒരു നേരത്തെ ആഹാരത്തിനോ മരുന്നു വാങ്ങാനോ പോലും കഷ്ടപ്പെടുകയാണ് സാധാരണക്കാർ. ഒരുപാട് പ്രതിഷേധങ്ങൾക്കൊടുവിൽ ആയിരുന്നു ഓണക്കാലത്ത് ക്ഷേമപെൻഷൻ നൽകിയത്. എന്നാൽ ഓണം കഴിഞ്ഞതും വീണ്ടും പഴയ സ്ഥിതിയിലേക്ക് ആയിരിക്കുകയാണ്. രണ്ടുമാസത്തെ പെൻഷൻ കുടിശിക തീർക്കണമെങ്കിൽ 2000 കോടി വേണം. പെന്‍ഷന്‍ എത്രയും വേഗം നല്‍കുമെന്ന് മന്ത്രിമാർ ആവർത്തിച്ചു പറയുമ്പോഴും എപ്പോൾ കൊടുക്കും എന്ന് കാര്യത്തിൽ ഒരു വ്യക്തതയുമില്ല.