കോട്ടയം രാമപുരത്ത് കുറുക്കന്‍റെ ആക്രമണത്തില്‍ നാലു പേർക്ക് പരിക്ക്; ആശങ്കയില്‍ പ്രദേശവാസികള്‍

 

കോട്ടയം: രാമപുരം ചക്കാമ്പുഴയിൽ കുറുക്കന്‍റെ അക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്. മുഖത്തും വിരലുകളിലുമാണ് ഇവർക്ക് പരിക്കേറ്റത്. പരിക്കേറ്റവർക്ക് പേ വിഷബാധയ്ക്കുള്ള ചികിത്സ നൽകി. ഇന്നു രാവിലെ 6 ആറുമണിക്ക് ആയിരുന്നു കുറുക്കന്‍റെ അക്രമണം ഉണ്ടായത്. എഴാച്ചേരി ഭാഗത്ത് നെടുംമ്പള്ളിൽ ജോസ് എന്നയാളെ ആക്രമിച്ച ശേഷം കുറുക്കൻ ചക്കാമ്പുഴ വളക്കാട്ടുക്കുന്ന് ഭാഗത്തേക്ക് എത്തുകയായിരുന്നു. തുടർന്ന് മൂന്നു പേരെ കൂടി കുറുക്കൻ ആക്രമിച്ചു.

നടുവിലാ മാക്കൽ ബേബി, തെങ്ങുംപ്പള്ളിൽ മാത്തുക്കുട്ടി, തെങ്ങുംപ്പള്ളിൽ ജൂബി എന്നിവരെയാണ് കുറുക്കൻ ആക്രമിച്ചത്. ഇതിൽ ബേബിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം പരിക്കേറ്റ നാലുപേർക്കും പേ വിഷബാധയ്ക്കുള്ള ചികിത്സയാണ് നൽകിയിട്ടുള്ളത്. നായ്ക്കൾക്ക് കുറുക്കന്മാരിൽ നിന്നാണ് പേ വിഷബാധ പകരുന്നതെന്നും, രാമപുരം പഞ്ചായത്തിന്‍റെ പല ഭാഗത്തും ഇപ്പോൾ കുറുക്കന്‍റെ ശല്യം കൂടുതലാണെന്നും നാട്ടുകാർ പറയുന്നു. കുറച്ചുനാളുകളായി ഈ ഭാഗത്ത് കുറുക്കന്മാരുടെ എണ്ണം വർധിച്ചു വരികയാണെന്നും ഇതിനെതിരെ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

അതേസമയം രാമപുരം പഞ്ചായത്തിന് കാടുമായി യാതൊരു ബന്ധം  പോലും ഇല്ലെങ്കിലും ദിനംപ്രതി വർധിച്ചുവരുന്ന കുറുക്കന്മാരുടെ ആക്രമണത്തിൽ കനത്ത ആശങ്കയിലാണ് നാട്ടുകാർ. അതിനിടെ നാലു പേരെ ആക്രമിച്ച കുറുക്കനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു കണമലയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ടുപേരുടെ ജീവൻ നഷ്ടമായത്. വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ കൂടുന്നതല്ലാതെ അതിനെ തടയാനുള്ള യാതൊരു നടപടിയും ഇതുവരെ വനംവകുപ്പിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി കണമലയിലെ പ്രദേശവാസികൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Comments (0)
Add Comment