ശബരിമല സമരം: ഓർഡിനൻസിറക്കാതെ മോദി സർക്കാർ
ശബരിമല സമരത്തിന്റെ ഭാഗമായി വിശ്വാസ സമൂഹത്തെ കബളിപ്പിക്കാൻ സംഘപരിവാർ നീക്കം. രഥയാത്ര അടക്കമുള്ള രണ്ടാംഘട്ട സമരത്തിന്റെ ഭാഗാമായാണ് ഇത്തരത്തിൽ നീക്കമുള്ളത്. ക്ഷേത്രത്തിലെ സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ സമർപ്പിച്ചിരിക്കുന്ന പുനഃപരിശോധന ഹർജികൾ പരിഗണിക്കുന്ന 13ന് മുമ്പ് ഒന്നരക്കോടി ഭക്തരുടെ ഒപ്പുകൾ ശേഖരിച്ച് രാഷ്ട്രപതിക്ക് നൽകാനെന്ന വ്യാജേനയാണ് ഒപ്പുശേഖരണം സംഘടിപ്പിച്ചിട്ടുള്ളത്.
സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിക്കുന്ന വിധിയെ ഒരുതരത്തിലും രാഷ്ട്രപതിക്ക് മറികടക്കാനാവില്ലെന്ന വസ്തുത മറച്ചുവെച്ചാണ് ഇത്തരത്തിൽ ഭക്തകോടികളെ കബളിപ്പിക്കാൻ ഒപ്പുശേഖരണം നടത്തുന്നത്. ശബരിമല യുവതി പ്രവേശന വിധിക്കെതിരെ കേന്ദ്രത്തിലെ മോദിസർക്കാരിന് പ്രത്യേക ഓർഡിൻസ് ഇറക്കാമെന്നിരിക്കെയാണ് ബി.ജെ.പി – ആർ.എസ്.എസ് – സംഘപരിവാർ നേതൃത്വം ഇതിനു ശ്രമിക്കാതെ വിശ്വാസികളുടെ കണ്ണിൽപൊടിയിടുന്നത്. ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാനും ബിജെപി-ആര്‍എസ്എസ്-സംഘപരിവാര്‍ സംഘടനകള്‍ തുനിഞ്ഞിട്ടില്ല. ഇതേക്കുറിച്ച് തുടര്‍ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടും ബിജെപി നേതൃത്വം മൗനം പാലിക്കുകയാണ്. 11, 12 തീയതികളിൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വിശ്വാസ സംരക്ഷണ സദസ് നടത്താനാണ് സംഘപരിവാർ നീക്കം.
ഇതിനായി കൂടുതൽ സ്ത്രീകളടക്കം 25,000 പേരെ എത്തിക്കാനാണ് നീക്കം. ഇത്തരത്തിൽ സമരത്തിനെത്തിക്കുന്നവരുടെ മൊബൈൽ നമ്പരുകൾ ശേഖരിച്ച് വാട്സ് ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കാനും ഭാവിയിൽ അത് പരിവാർ രാഷ്ട്രീയം പടർത്താനുള്ള വേദിയാക്കാനുമാണ് ആർ.എസ്.എസിന്റെ നീക്കം. ലോക്സഭാ തെരെഞ്ഞെടുപ്പ് അടുത്തതോടെ കേന്ദ്രസർക്കാരിന്റെ മോദിയുടെയും അപദാനങ്ങളും അസത്യവാർത്തകളും പ്രചരിപ്പിക്കാൻ ഇത്തരത്തിലുള്ള വാട്സ് ആപ്പ് ഗ്രൂപ്പുകൾ ഉപയോഗിക്കാമെന്നും വിലയിരുത്തലുണ്ട്. ഇതിനു പുറമേ വിശ്വാസസംരക്ഷണ പരിപാടികളിലെത്തുന്ന വരുടെ മൊബൈൽ നമ്പറുകളും ശേഖരിച്ച് സൂക്ഷിച്ച ശേഷം അതിലൂടെ ബി.ജെ.പിക്ക് അനൂകലമായി പ്രചാരണ പ്രവർത്തനങ്ങൾ നടത്താനുമാണ് ഇപ്പോഴത്തെ ആലോചന.
വീടുകളിൽ നിന്ന് ശേഖരിക്കുന്ന നമ്പരുകൾ കമ്പ്യൂട്ടറിൽ സൂക്ഷിച്ച ശേഷം ഒരോ സ്ഥലങ്ങളിലെ പ്രധാന പ്രവർത്തകർക്ക് കൈമാറുമെന്നും സൂചനയുണ്ട്. ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രതിഷേധിക്കാൻ എത്തുന്നവരെ ബി.ജെ.പിക്കും ആർ.എസ്.എസിനും അനുകൂലമാക്കണമെന്ന ബി.ജെ.പി – ആർ.എസ്.എസ് ദേശീയ നേതൃത്വങ്ങളുടെ രഹസ്യനിർദ്ദേശം അപ്പടി പാലിക്കാനാണ് അതത് സംസ്ഥാന ഘടകങ്ങൾ കച്ചമുറുക്കുന്നത്.
ശബരിമല നമ്മുക്ക് ഒരു ‘സുവർണ്ണാവസരമാണെന്ന’ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയുടെ യുവമോർച്ച യോഗത്തിലെ വിവാദ പരാമർശം പുറത്തു വന്നതോടെ ബി.ജെ.പി പ്രതിരോധത്തിലായിട്ടുണ്ട്. ശബരിമല യുവതീപ്രവേശനത്തെ എതിർക്കുന്ന വിശ്വാസ സമൂഹത്തിന്റെ മറവിൽ രാഷ്ട്രീയനേട്ടം ഉണ്ടാക്കാനുള്ള സംഘപരിവാർ – ബി.ജെ.പി പ്രസ്ഥാനങ്ങളുടെ നീക്കമാണെന്ന കോൺഗ്രസിന്റെ ആരോപണമാണ് പിള്ളയുടെ പ്രസംഗം പുറത്തായതോടെ വ്യക്തമായിരിക്കുന്നത്. ഇതിനിടെ ആചാരം ലംഘിച്ചു കൊണ്ട് ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയും ബോർഡ് അംഗം കെ.പി ശങ്കർദാസും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറുകയും ഇറങ്ങുകയും ചെയ്തതും വിവാദമായിട്ടുണ്ട്.
ആചാരസംരക്ഷണത്തിനെന്ന് പറഞ്ഞ് ശബരിമലയിലെത്തിയ സംഘപരിവാർ – ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകർ പതിനെട്ടാം പടിയിൽ ഇരുപ്പുറപ്പിച്ചതും അവരെ അവിടെ നയിക്കാനെത്തിയ വത്സൻ തില്ലങ്കേരി പതിനെട്ടാംപടിയിൽ കയറി നിന്ന് പ്രസംഗിച്ചതും വിശ്വാസികൾക്കിടയിൽ അമർഷം സൃഷ്ടിച്ചിട്ടുണ്ട്. യുവതീപ്രവേശനത്തിന്റെ പേരിൽ കലാപമഴിച്ചുവിട്ട് ശബരിമലയിൽ കണ്ണൂർ രാഷ്ട്രീയം നടപ്പാക്കാനാണ് സി.പി.എമ്മും ആർ.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നത്.
ചിത്തിര ആട്ട വിശേഷ പൂജകളുടെ ഭാഗമായി ഓരോ താലൂക്കുകളിൽ നിന്നും നൂറുപേരെ എത്തിക്കണമെന്നായിരുന്നു ആർ.എസ്.എസിന്റെ നിർദ്ദേശം. കണ്ണൂർ മോഡൽ രാഷ്ട്രീയത്തിന്റെ തലച്ചോറായ വത്സൻ തില്ലങ്കേരിയെ ആർ.എസ്.എസ് നിയോഗിച്ചപ്പോൾ കെ.സുരേന്ദ്രൻ അടക്കമുള്ളവർ ബി.ജെ.പിക്ക് വേണ്ടിയും ആളുകളെ എത്തിച്ചു. സമരത്തിന് കൊഴുപ്പേകാനും സാധാരണ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ വർഗീയത പ്രചരിപ്പിക്കുന്ന വാർത്തകൾ നൽകിയ സംഘപരിവാർ ചാനലിനെതിരെയും പൊലീസ് കേസെടുക്കുമെന്നും സൂചനയുണ്ട്.