
മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സുരേഷ് കല്‍മാഡി (81) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ 3.30-ഓടെ പൂനെയിലെ ദീനനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയിലാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ ഭൗതികദേഹം ഉച്ചയ്ക്ക് രണ്ട് മണി വരെ പൂനെ എരണ്ട്വാനയിലെ കല്‍മാഡി ഹൗസില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകുന്നേരം 3.30ന് വൈകുണ്ഠ് ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
പൂനെയില്‍ നിന്നുള്ള കരുത്തുറ്റ നേതാവായിരുന്ന കല്‍മാഡി മൂന്ന് തവണ രാജ്യസഭയിലേക്കും മൂന്ന് തവണ ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പി.വി. നരസിംഹറാവു സര്‍ക്കാരില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രിയായി (1995-96) സേവനമനുഷ്ഠിച്ച അദ്ദേഹം, റെയില്‍വേ ബജറ്റ് അവതരിപ്പിച്ച ഏക സഹമന്ത്രി എന്ന അപൂര്‍വ റെക്കോര്‍ഡിനും ഉടമയാണ്. രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന് മുന്‍പ് ഇന്ത്യന്‍ വ്യോമസേനയില്‍ പൈലറ്റായി (1964-1972) സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം ഇന്ത്യ-പാക് യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
കായിക ഭരണരംഗത്തും കല്‍മാഡി മായാത്ത മുദ്ര പതിപ്പിച്ചു. ദീര്‍ഘകാലം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന അദ്ദേഹം ഏഷ്യന്‍ അത്ലറ്റിക് അസോസിയേഷന്‍, അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെയും തലപ്പത്ത് പ്രവര്‍ത്തിച്ചു. 2003-ല്‍ ഹൈദരാബാദില്‍ നടന്ന ആഫ്രോ-ഏഷ്യന്‍ ഗെയിംസിന്റെയും 2010-ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിന്റെയും മുഖ്യ സംഘാടകന്‍ കല്‍മാഡിയായിരുന്നു.
2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് വലിയ തിരിച്ചടിയായി. ഇതേത്തുടര്‍ന്ന് 2011-ല്‍ ജയില്‍വാസം അനുഭവിക്കേണ്ടി വരികയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍, ദീര്‍ഘകാലം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ 2025 ഏപ്രിലില്‍ ഡല്‍ഹി കോടതി അദ്ദേഹത്തിന് ഈ കേസില്‍ ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു.